സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നിയമപോരാട്ടം നടത്തുകയാണ് കേരളം. 15-ാം ധനകാര്യ കമ്മിഷൻ പ്രകാരം നൽകേണ്ട വിഹിതവും വിവിധ കേന്ദ്രപദ്ധതികളുടെ തുകയും അനുവദിക്കുക, കടമെടുക്കൽ പരിധിയിലെ മാനദണ്ഡങ്ങൾ ഇളവുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരളം കോടതിയെ സമീപിച്ചിരിക്കുന്നത്. ഫെഡറല്‍ തത്വങ്ങള്‍ അടിസ്ഥാനമാക്കി ഇരു സര്‍ക്കാരുകളും ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്താന്‍ കോടതി നിര്‍ദേശിച്ചെങ്കിലും നിലപാടുകളില്‍ നിന്ന് മാറാന്‍ കേന്ദ്രം തയ്യാറാകാത്തതിനെ തുടര്‍ന്ന് കേസിൽ വിശദമായ വാദം കേൾക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിച്ചിരിക്കുന്നു. അടുത്ത വ്യാഴാഴ്ചയാണ് വാദം കേൾക്കുന്നത്. സാമ്പത്തിക സഹകരണ ഫെഡറലിസം എന്ന ആശയത്തിൽനിന്ന് കേന്ദ്രം വ്യതിചലിക്കുന്നതാണ് സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലകപ്പെടാൻ കാരണമെന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ മാർച്ച് 31നകം ഒറ്റത്തവണ പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു. വിശാലമനസോടെ വിഷയത്തെ സമീപിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഏപ്രിൽ ഒന്നിന് അടിയന്തരസഹായമായി 5,000 കോടി നൽകാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും അടുത്ത 10 ദിവസത്തെ പ്രതിസന്ധിയാണ് കണക്കിലെടുക്കേണ്ടതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. തല്‍ക്കാലം സഹായിക്കാനും ആ തുക അടുത്ത സാമ്പത്തികവർഷത്തെ കണക്കിൽ ഉൾപ്പെടുത്താനും കോടതി നിർദേശിച്ചു. എന്നാല്‍ 2024–25 സാമ്പത്തിക വർഷം നിബന്ധനകളോടെ 5,000 കോടി കടമെടുക്കാൻ അനുമതി നൽകാമെന്നാണ് കേന്ദ്രം നിലപാടെടുത്തത്. ഈ നിർദേശം സ്വീകാര്യമല്ലെന്ന് കേരളം വ്യക്തമാക്കിയതോടെ വിശദമായ വാദം കേൾക്കാമെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു.
ഇതുകൂടി വായിക്കൂ; ഇലക്ടറല്‍ ബോണ്ട് മറയ്ക്കാന്‍ പൗരത്വ ഭേദഗതി നിയമം
സുസ്ഥിര വികസന സൂചിക പ്രകാരം രാജ്യത്ത് തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായ കേരളത്തെ രാഷ്ട്രീയ പകയോടെയാണ് കേന്ദ്രം കാണുന്നത്. സംസ്ഥാനത്തിന്റെ വളര്‍ച്ച തടയുകയും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന ഹീനലക്ഷ്യമാണ് കേന്ദ്ര ഭരണകൂടത്തിന്റേതെന്ന് വ്യക്തമാണ്. അശാസ്ത്രീയമായി ജിഎസ്‌ടി ഏർപ്പെടുത്തിയതിലൂടെ നികുതി വരുമാനം കുറഞ്ഞു. അർഹതപ്പെട്ട വായ്പാനുമതിയിൽ 19,000 കോടി നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്റിൽ 8,400 കോടി രൂപയുടെ കുറവ് വന്നു. ജിഎസ്‌ടി നഷ്ടപരിഹാരമായി ലഭിച്ചുകൊണ്ടിരുന്ന 12,000 കോടിയും ഇല്ലാതായി. കിഫ്ബി വഴി കേരളമെടുത്ത ഓഫ്ബജറ്റ് വായ്പ, സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ ഉൾപ്പെടുത്തിയതും തിരിച്ചടിയായി. കേന്ദ്രം ഓഫ്ബജറ്റായി എടുത്തിട്ടുള്ള വായ്പകള്‍ പൊതുകടത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നിരിക്കെ സംസ്ഥാനത്തിനുമേൽ ഇങ്ങനെ ഒരു ചട്ടം അടിച്ചേല്പിക്കുന്നത് കൃത്യമായ രാഷ്ട്രീയലക്ഷ്യം വച്ചുതന്നെയെന്ന് കരുതണം. കേന്ദ്രം തീരുമാനിക്കുന്ന വായ്പയുടെ പരിധി (ജിഎസ്ഡിപിയുടെ 3.5ശതമാനം) ക്ഷേമ നടപടികൾക്കോ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കോ പര്യാപ്തമാകില്ല. അതിനാലാണ് ഓഫ്ബജറ്റ് കടം വാങ്ങലിലൂടെ സംസ്ഥാനം സാമ്പത്തിക ആവശ്യം നിറവേറ്റുന്നത്. 10-ാം ധനകാര്യ കമ്മിഷൻ നികുതി വിഹിതത്തിന്റെ 3.9 ശതമാനമാണ് കേരളത്തിന് അനുവദിച്ചിരുന്നത്. പതിനഞ്ചാം കമ്മിഷൻ ഇത് 1.9 ആയി കുറച്ചു. ജിഎസ്‌ടി നഷ്ടപരിഹാരം കൈമാറാത്തതിന് സാങ്കേതികമായ കാരണങ്ങളാണ് കേന്ദ്രം ഉന്നയിക്കുന്നത്. കേന്ദ്രത്തിന്റെ ഈ നടപടികളെല്ലാം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി.
കേരളം മാത്രമല്ല, വികസന സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളും ഇതേ അവഗണനയുടെ പിടിയിലാണ്. ഇവിടെയെല്ലാം ബിജെപിയേതര സര്‍ക്കാരുകളാണ് എന്നതും ശ്രദ്ധേയമാണ്. കോടതിയെ സമീപിക്കും മുമ്പ് വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി കേരള സര്‍ക്കാര്‍ രാജ്യതലസ്ഥാനത്ത് നടത്തിയ പ്രതിഷേധ സമരത്തില്‍ രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാരും പ്രതിനിധികളും പങ്കെടുത്തത് ഇതിന്റെ തെളിവാണ്. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കുറയ്ക്കാനായി, വിഭജിക്കേണ്ടതില്ലാത്ത സെസ്, സർചാർജ് തുടങ്ങിയവ വർധിപ്പിക്കുന്ന രീതി കേന്ദ്രം തുടരുന്നത് ഫെഡറൽ വ്യവസ്ഥയ്ക്ക് തന്നെ എതിരാണ്. പുതിയ സാഹചര്യത്തില്‍ വിഭജിക്കാവുന്ന വരുമാന ശേഖരം കേന്ദ്രം വിശാലമാക്കേണ്ടതുണ്ട്. കേന്ദ്ര‑സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജിഎസ്‌ടി കൗൺസിലിനെയും അന്തർ സംസ്ഥാന കൗൺസിലിനെയും ക്രിയാത്മകമായി ഉപയോഗിക്കുകയും വേണം. വിവിധ കമ്മിറ്റികളും റിപ്പോർട്ടുകളും നിർദേശിച്ചതനുസരിച്ച് സംസ്ഥാനങ്ങളുടെ നികുതി അടിത്തറ വിപുലീകരിക്കണം. ഇന്ത്യയിലെ സഹകരണ ഫെഡറലിസം കേന്ദ്ര‑സംസ്ഥാന ബന്ധവും സംസ്ഥാനങ്ങളും പ്രാദേശിക സർക്കാരുകളും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ആശയമാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ അധികാരങ്ങൾ വ്യക്തമായി വിഭജിക്കപ്പെടുകയും നിര്‍വചിക്കപ്പെടുകയും ചെയ്തിട്ടുള്ള ഭരണസംവിധാനമാണത്. അത് ഉള്‍ക്കൊള്ളാനും, അധികാരം തങ്ങളില്‍ കേന്ദ്രീകരിച്ചുള്ളതാണ് എന്ന സ്വേച്ഛാധിപത്യ ധാരണ തിരുത്താനും കേന്ദ്രം തയ്യാറാവുകയാണ് വേണ്ടത്. അതനുസരിച്ചുള്ള വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടാവും എന്ന് പ്രതീക്ഷിക്കാം.