കേരള സർക്കാർ കിഫ്ബിയിലൂടെയും മറ്റു പശ്ചാത്തലസൗകര്യ നിർമ്മാണത്തിലൂടെയും നടത്തിയ വലിയ നിക്ഷേപമാണ് കോവിഡ് പ്രതിസന്ധിയിൽ നിന്നും സമ്പദ്ഘടനയെ കരകയറാൻ സഹായിച്ചതെന്ന് മുൻധനമന്ത്രി തോമസ് ഐസക്. 2021–22ൽ 12.01 ശതമാനം വളർച്ചയുണ്ടായപ്പോൾ പലിശ നിരക്ക് 6–7 ശതമാനം മാത്രമായിരുന്നു. കേരളത്തിന്റെ കടം സുസ്ഥിരമാണ്. കടം വാങ്ങി നമ്മൾ നടത്തിയ നിക്ഷേപമാണ് കേരളത്തെ കരകയറ്റിയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റ് ഇങ്ങനെ പറയുന്നു “കോവിഡ് തകർച്ചയിൽ നിന്ന് കേരള സമ്പദ്ഘടന പുറത്തുകടന്നു. 2021–22‑ലെ സംസ്ഥാന ജിഡിപി സംബന്ധിച്ച കണക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് & സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ടു. അതുപ്രകാരം 2021–22‑ൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.07 ശതമാനമാണ്. ദേശീയ ജിഡിപിയുടെ വളർച്ച 8.7 ശതമാനമാണ്. ഈയൊരു സാമ്പത്തിക കുതിപ്പിനു പിന്നിലെ ഘടകങ്ങളെന്ത്? ഏറ്റവും വേഗതയിൽ വളർന്നത് ഹോട്ടൽ മേഖലയാണ്. 120 ശതമാനം. 2020–21‑ൽ ഈ മേഖല 56 ശതമാനം മൈനസ് ആയിരുന്നു. അതുപോലെ തന്നെ വ്യാപാര മേഖല മൊത്തത്തിൽ എടുത്താൽ 20 ശതമാനം വളർച്ചയുണ്ട്. ചുരുക്കത്തിൽ ആളുകളുടെ ക്രയശേഷി വർദ്ധിച്ചു. അവർ കൂടുതൽ ചരക്കുകളും സേവനങ്ങളും വാങ്ങി. ടൂറിസം മേഖലയുടെ ഉണർവും ഇതിനേറെ സഹായകരമായി.
ജനങ്ങളുടെ ക്രയശേഷി എങ്ങനെ ഉയർന്നു? കൃഷിയും അനുബന്ധ മേഖലകളുടെയും സ്ഥിതി പരിതാപകരമാണ്. സ്ഥിരവിലയിൽ 2017–18‑ൽ 44270 കോടി രൂപയുടെ ഉൽപ്പാദനം ഉണ്ടായിരുന്ന സ്ഥാനത്ത് 2021–22‑ലും ഉൽപ്പാദനം 44299 കോടി രൂപയേയുള്ളൂ. ഈ കണക്കിന്റെ നിജസ്ഥിതിയെക്കുറിച്ചു ചില തർക്കങ്ങൾ ഉണ്ടെങ്കിലും കാർഷിക മേഖല ഇപ്പോഴും മരവിപ്പിലാണ്. വ്യവസായ മേഖലയുടെയും സ്ഥിതി വളരെ മെച്ചമെന്നു പറയാനാവില്ല. 2017–18‑ൽ 60741 കോടി രൂപയുടെ ഉൽപ്പാദനമുണ്ടായ സ്ഥാനത്ത് ഇപ്പോഴും 60447 കോടി രൂപയുടെ ഉൽപ്പാദമേ ഉള്ളൂ. ഇക്കാര്യങ്ങളിൽ നമ്മൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തിലേക്കാണ് കണക്കുകൾ വിരൽചൂണ്ടുന്നത്.
ഈയൊരു സാഹചര്യത്തിൽ സാമ്പത്തിക കുതിപ്പിന്റെ അടിസ്ഥാനമെന്ത്? കേരള സർക്കാർ കിഫ്ബിയിലൂടെയും മറ്റു പശ്ചാത്തലസൗകര്യ നിർമ്മാണത്തിലൂടെയും നടത്തിയ വലിയ നിക്ഷേപമാണ് സമ്പദ്ഘടനയെ കരകയറാൻ സഹായിച്ചത്. കിഫ്ബി പ്രഖ്യാപിക്കപ്പെട്ടത് ഒരു മാന്ദ്യവിരുദ്ധ പാക്കേജ് ആയിട്ടായിരുന്നുവെന്നത് സ്മരണീയമാണ്. ഗൾഫിൽ നിന്നുള്ള തിരിച്ചുവരവിന്റെ പശ്ചാത്തലത്തിൽ പ്രാദേശികമായ മാന്ദ്യം അനിവാര്യമാണെന്നും അതിനെ പ്രതിരോധിക്കുന്നതിനുംകൂടി വേണ്ടിയായിരുന്നു കിഫ്ബി പാക്കേജ്. കോവിഡും മറ്റുംമൂലം നിർവ്വഹണ കാലതാമസം വന്നു
2021–22‑ൽ 10000 കോടി രൂപയെങ്കിലും കിഫ്ബിയിൽ നിന്ന് ചെലവായിട്ടുണ്ട്. കിഫ്ബി നൽകിയ പണവുംകൂടി ഉൾപ്പെടെ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 25000 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകിയിട്ടുള്ളത്. ഇതിന്റെ സിംഹപങ്കും 2021–22‑ലാണ് വിതരണം ചെയ്തത്. ഈ പണം ജനങ്ങളുടെ കൈയിൽ വന്നു. ഇത്തരത്തിലുള്ള ഭീമമായ നിക്ഷേപമാണ് കേരള സമ്പദ്ഘടനയെ പ്രതിസന്ധിയിൽ നിന്നു കരകയറ്റിയത്.ഇതോടെ കേരള സർക്കാർ എടുക്കുന്ന വായ്പയുടെ പലിശ നിരക്ക് സാമ്പത്തിക വളർച്ചാ നിരക്കിനേക്കാൾ താഴ്ന്നതാണെന്നും കേരളം കടക്കെണിയിലേക്കും മറ്റും നീങ്ങുകയാണെന്നുള്ള വിമർശ നങ്ങളുടെ മുനയൊടിഞ്ഞു
2021–22ൽ 12.01 ശതമാനം വളർച്ചയുണ്ടായപ്പോൾ പലിശ നിരക്ക് 6–7 ശതമാനം മാത്രമായിരുന്നു. കേരളത്തിന്റെ കടം സുസ്ഥിരമാണ്. കടം വാങ്ങി നമ്മൾ നടത്തിയ നിക്ഷേപമാണ് കേരളത്തെ കരകയറ്റിയത്. പ്രതിശീർഷ വരുമാനം എടുത്താൽ 2021–22‑ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 143026 ആണ് (സ്ഥിരവിലയിൽ). അതേസമയം, രാജ്യത്തെ പ്രതിശീർഷ വരുമാനം 91481 രൂപയാണ് (സ്ഥിരവിലയിൽ). ദേശീയ ശരാശരിയുടെ 50 ശതമാനത്തിനു മുകളിലാണ് കേരളത്തിന്റെ പ്രതിശീർഷ വരുമാനം
ഗുജറാത്ത് എടുത്താൽ കേരളത്തിന്റെ ദേശീയ വരുമാനം ഗുജറാത്തിന്റെ ദേശീയ വരുമാനവും ഏതാണ്ട് ത്യമാണ്. എന്നാൽ ഗുജറാത്തിനു സ്കൂളിൽ പോയ സ്ത്രീകളുടെ എണ്ണത്തിന്റെ കാര്യത്തിൽ 19-ാം സ്ഥാനവുമാണ്. ശിശു മരണനിരക്കിൽ 19-ാം സ്ഥാനവും, കുട്ടികളുടെ വളർച്ച മുരടിപ്പിൽ 26-ാം സ്ഥാനവും, ബലക്ഷയംവന്ന കുട്ടികളുടെ ശതമാനത്തിൽ 29-ാം സ്ഥാനവും, തൂക്ക കുറവുള്ള കുട്ടികളുടെ ശതമാനത്തിൽ 29-ാം സ്ഥാനവുമാണ്. ശുചിമുറി ഉപയോഗത്തിന്റെ കാര്യത്തിൽ 18-ാം സ്ഥാനവുമാണ്. ഇക്കാര്യത്തിലെല്ലാം കേരളം ഒന്നാംസ്ഥാനത്താണ്. കാരണം വളരെ ലളിതമാണ്. ഗുജറാത്തിൽ വരുമാനത്തിൽ സിംഹപങ്കും ചെറുന്യൂനപക്ഷത്തിന്റെ കൈയിലേക്കു പോകുന്നു. അതേസമയം, പുനർവിതരണ നയങ്ങളിലൂടെ കേരളത്തിൽ അവയിൽ പാവപ്പെട്ടവർക്കും ന്യായമായ ഒരു വിഹിതം കിട്ടുന്നുവെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.
English Summary:Kerala faces criticism of debt trap; The national income of Kerala is equal to the national income of Gujarat
You may also like this video