Site iconSite icon Janayugom Online

ക്ലാപ്പടിച്ച് മുഖ്യമന്ത്രി, കേരള ഫിലിം പോളിസി കോണ്‍ക്ലേവിന് തുടക്കം

മലയാള സിനിമയുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവിന് തുടക്കമായി. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലാപ്പടിച്ചാണ് കോണ്‍ക്ലേവിന് ആരംഭം കുറിച്ചത്. നമ്മുടെ സാമൂഹിക‑സാമ്പത്തിക രംഗവുമായി ഇഴചേര്‍ന്നു കിടക്കുന്ന മലയാള സിനിമാലോകത്തെ, കാലത്തിനൊത്ത് നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ്പാണ് ഈ കോണ്‍ക്ലേവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാള സിനിമയുടെ ശതാബ്ദിക്ക് മൂന്നുവർഷം മാത്രമുള്ളപ്പോള്‍ ചലച്ചിത്രനയം രൂപീകരിക്കുന്നത് ചരിത്രപരമായ ഒരു ചുവടുവയ്പ്പാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ കരട് പ്രസിദ്ധീകരിക്കും. 

ആവശ്യമെങ്കില്‍ കൂടിയാലോചിച്ച് കരട് ദേഭഗതികൾ വരുത്തും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവൽ മാർട്ട് പോലെ രണ്ട് വർഷത്തിലൊരിക്കൽ കേരള ഫിലിം മാർട്ട് സംഘടിപ്പിക്കാൻ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. മോഹൻലാൽ, സുഹാസിനി, വെട്രിമാരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, റസൂൽ പൂക്കുട്ടി, സയീദ് അക്തർ മിർസ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, വീണാ ജോർജ്, സ്പീക്കർ എ എൻ ഷംസീർ, സംവിധായകൻ വെട്രിമാരൻ, കെഎസ്എഫ്ഡിസി ചെയർമാൻ കെ മധു, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, മെമ്പർ സെക്രട്ടറി സി അജോയ്, കെ മധുപാൽ, മാധ്യമ പ്രവര്‍ത്തകൻ ശശികുമാർ, പ്രകാശ് മക്തും, ഐഎഫ്എഫ്‌കെ ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം ദിവ്യ എസ് അയ്യര്‍, പദ്മപ്രിയ, നവ്യനായര്‍, കെഎസ്എഫ്ഡിസി എംഡി പി എസ് പ്രിയദര്‍ശനൻ തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ക്ലേവിന്റെ സമാപനം ഇന്ന് വൈകിട്ട് നാലിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ എൻ ബാലഗോപാല്‍ അധ്യക്ഷനാവും. 

Exit mobile version