Site iconSite icon Janayugom Online

കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 177 മെഗാവാട്ട് വൈദ്യുതി

കേരളത്തിന് കേന്ദ്ര പൂളില്‍ നിന്ന് 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ചതായി കെഎസ്ഇബി അറിയിച്ചു. നാഷണൽ തെർമൽ പവർ കോർപറേഷന്റെ ബാർഹ് 1, 2 നിലയങ്ങളിൽ നിന്ന് യഥാക്രമം 80 മെഗാവാട്ട്, 97 മെഗാവാട്ട് വീതം വൈദ്യുതിയാണ് ലഭിക്കുക. ഒക്ടോബർ ഒന്ന് മുതൽ 2025 മാർച്ച് 31 വരെയാണ് വൈദ്യുതി ലഭ്യമാവുക. പ്രതിസന്ധി നേരിടാൻ 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദേശപ്രകാരം കെഎസ്ഇബി ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര ഊർജ വകുപ്പ് സെക്രട്ടറിയെയും ജോയിന്റ് സെക്രട്ടറിമാരെയും സന്ദർശിച്ച് കേരളം നേരിടുന്ന ഊർജ പ്രതിസന്ധിയെപ്പറ്റി വിശദീകരിച്ചിരുന്നു.

വേനൽക്കാലത്തെ വൈദ്യുതി ദൗർലഭ്യം പരിഹരിക്കാൻ ഇത് വലിയതോതിൽ കേരളത്തിന് സഹായകമാകും. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വാങ്ങുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ, യൂണിറ്റിന് അഞ്ച് രൂപയിൽ താഴെ വൈകിട്ട് ആറ് മുതൽ 11 വരെയുള്ള പീക്ക് മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭിക്കും. ഹ്രസ്വകാല കരാറുകൾ പ്രകാരം കേരളത്തിന് ലഭിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 7.50 രൂപയോളം വില വരുന്നുണ്ട്. 2025 ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലേക്കുകൂടി ഈ വൈദ്യുതി ലഭ്യമാക്കണമെന്ന് കെഎസ്ഇബി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ആറുമാസത്തേക്ക് പ്രതിമാസം 200 മുതൽ 695 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയിട്ടുണ്ട്. ഒക്ടോബർ മുതൽ ഫെബ്രുവരിവരെയും ഏപ്രിലിലുമാണ് വൈദ്യുതി ലഭിക്കുക. 

Exit mobile version