Site iconSite icon Janayugom Online

കോവളവും സമീപബീച്ചുകളും നവീകരിക്കുന്ന പദ്ധതിക്ക് അംഗീകാരം

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേർന്നുള്ള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളിൽ പേരുകേട്ടതാണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികൾ നടക്കുക.

ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സൺ ബാത്ത് പാർക്ക് നവീകരണം, കോർപറേഷൻ ഭൂമി വികസനം, കോർപ്പറേഷൻ ഭൂമിയിലേക്കുള്ള യാത്രാസൗകര്യം, ഐബി ബീച്ചിലേക്കുള്ള യാത്രാസൗകര്യ വികസനം, ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിർത്തി നിർണയം, തെങ്ങിൻ തോട്ടഭൂമി ഏറ്റെടുക്കൽ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നടക്കുക. ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതൽ വികസനം, തെങ്ങിൻ തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നടക്കുക. കിഫ്ബി തയ്യാറാക്കി സമർപ്പിച്ച 93 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി വാപ്കോസ് (WAPCOS)നെ ചുമതപ്പെടുത്താനും മന്ത്രിസഭാ യോഗം അനുമതി നൽകി.

തസ്തിക

കണ്ണൂർ ജില്ലയിലെ നടുവിൽ പോളിടെക്നിക് കോളജ് ആരംഭിക്കുന്നതിന് 35 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഹയർ സെക്കന്‍ഡറി സ്കൂൾ ജൂനിയർ (ഇംഗ്ലീഷ്) വിഭാഗത്തിൽ 110 തസ്തികകൾ സൂപ്പർ ന്യൂമററിയായി സൃഷ്ടിക്കാൻ തീരുമാനിച്ചു. ഈ അധ്യയന വർഷത്തേക്കാണ് ഇത്. 2017ലെ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അധികമായതും നിലവിൽ സർവീസിൽ തുടരുന്നതുമായ തസ്തികകളും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനം നൽകേണ്ട 47 തസ്തികകളും ഉൾപ്പെടെയുള്ളതാണ് 110 തസ്തികകൾ. സ്ഥിരം ഒഴിവ് വരുമ്പോൾ ഇവർക്ക് പുനർനിയമനം നൽകും.

ചികിത്സാ ചിലവ് സർക്കാർ വഹിക്കും

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൊല്ലം പുന്നല വില്ലേജ് ഓഫീസറായ ടി അജികുമാറിന്റെടെ ചികിത്സാചെലവ് പൂർണമായും സർക്കാർ വഹിക്കാൻ തീരുമാനിച്ചു.

Eng­lish Sam­mury: ker­ala gov­ern­ment min­istry’s Deci­sions

Exit mobile version