Site iconSite icon Janayugom Online

വിലക്കയറ്റം തടയാന്‍ സമഗ്ര ഇടപെടലുമായി പൊതുവിതരണ വകുപ്പ്: ‘അരിവണ്ടി’ പര്യടനം ആരംഭിച്ചു

arivandiarivandi

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സമഗ്രമായ ഇടപെടലുമായി സിവില്‍ സപ്ലൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന ‘അരിവണ്ടി’ സംസ്ഥാനത്തൊട്ടാകെ 500 കേന്ദ്രങ്ങളിൽ സബ്സിഡി നിരക്കിൽ അരിവിതരണം നടത്തും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ജയ അരി കിലോഗ്രാമിന് 25 രൂപ, കുറുവ അരി 25 രൂപ, മട്ട അരി 24 രൂപ, പച്ചരി 23 രൂപ എന്നീ നാല് ഇനങ്ങളും കൂടി റേഷൻ കാർഡൊന്നിന് 10 കിലോ അരി ലഭിക്കും. സപ്ലൈകോ മാവേലിസ്റ്റോർ, സൂപ്പർ മാർക്കറ്റ് എന്നിവ ഇല്ലാത്ത താലൂക്ക്/പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരിവണ്ടി എത്തുന്നത്. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും അതത് സ്ഥലത്തെ ജനപ്രതിനിധികൾ അരിവണ്ടിയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 10 ജില്ലകളിൽ (തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) ഇന്നലെ അരിവണ്ടി പര്യടനം ആരംഭിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ തുടർന്നുള്ള ദിവസങ്ങളിൽ വിതരണം നടക്കും. അരി വാങ്ങുന്നതിന് റേഷൻ കാർഡ് ഹാജരാക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു ജില്ലയിൽ ഒരു താലൂക്കിലെ പ്രധാന കേന്ദ്രങ്ങളിൽ രണ്ട് ദിവസങ്ങളിലായി അരിവിതരണം നടത്തും.
ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ പാളയം രാജൻ അധ്യക്ഷനായിരുന്നു. സിവിൽ സപ്ലൈസ് കോർപറേഷൻ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സ‍ഞ്ജീവ്കുമാർ പട്ജോഷി, കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാജു, കൗൺസിലർ രാഖി രവികുമാർ തുടങ്ങിയവര്‍ സംബന്ധിച്ചു. 

Eng­lish Sum­ma­ry: Ker­ala gov­ern­men­t’s Ari­van­di start­ed journey

You may also like this video

Exit mobile version