Site iconSite icon Janayugom Online

4000 കലാകാരന്മാര്‍, 300 കലാപരിപാടികള്‍; കേരളീയം കലാവിരുന്ന് ഉത്സവമാകും

keralaleeyamkeralaleeyam

നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി ‘കേരളീയ’ത്തിന്റെ വമ്പൻ സാംസ്കാരിക വിരുന്ന്. നവംബർ ഒന്നു മുതൽ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവൻ കലകളെയും അണിനിരത്തിയുള്ള സമ്പൂർണ കലാവിരുന്ന് അരങ്ങേറുക. 

ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വൈവിധ്യമാർന്ന സാംസ്കാരിക‑കലാ വിരുന്നാണ് കേരളീയത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഒമ്പത് തീമുകളിലായി അവതരിപ്പിക്കുന്ന കലാപരിപാടികൾ നവംബർ ഏഴിന് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാഷോയോടെ സമാപിക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെ സംസ്ഥാനത്തെ എല്ലാ കലാമേഖലകളിൽ നിന്നുമുള്ള നാലായിരത്തോളം കലാകാരന്മാർ അണിനിരക്കും. ചെറുതും വലുതുമായ 300 കലാപരിപാടികളാണ് നടക്കുക.
ക്ലാസിക്കൽ കലകൾ, അനുഷ്ഠാന കലകൾ, നാടൻ കലകൾ, ഗോത്ര കലകൾ, ആയോധന കലകൾ, ജനകീയ കലകൾ, മലയാള ഭാഷാസാഹിത്യം, മലയാളസിനിമ സംബന്ധമായ കലാരൂപങ്ങൾ തുടങ്ങിയ തീമുകളിലാണ് നവംബർ ഒന്നുമുതൽ ആറുവരെ സംഘടിപ്പിക്കുക. നിശാഗന്ധി ഓഡിറ്റോറിയം, പുത്തരിക്കണ്ടം മൈതാനം, ടാഗോർ തിയേറ്റർ എന്നിവയാണ് പ്രധാനവേദികൾ. മെഗാഷോ ഒഴിച്ചുള്ള മുഖ്യസാംസ്കാരിക പരിപാടികളാണ് ഇവിടങ്ങളിൽ നടക്കുക. 

വിവേകാനന്ദ പാർക്ക്, കെൽട്രോൺ പാർക്ക്, ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയം, ഭാരത് ഭവൻ, ബാലഭവൻ, പഞ്ചായത്ത് അസോസിയേഷൻ ഓഡിറ്റോറിയം, മ്യൂസിയം റേഡിയോ പാർക്ക്, സത്യൻ സ്മാരകം, യൂണിവേഴ്സിറ്റി കോളജ് പരിസരം, എസ്എൻവി സ്കൂൾ പരിസരം, ഗാന്ധി പാർക്ക് തുടങ്ങിയ 12 ചെറുവേദികളിലും പരിപാടികൾ അരങ്ങേറും. പ്രൊഫഷണൽ നാടകങ്ങൾക്കും കുട്ടികളുടെ നാടകങ്ങൾക്കുമായി സെനറ്റ് ഹാളും ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ എയർ തിയേറ്ററും സജ്ജമാക്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Ker­ala gov­ern­ments pro­gram Keraleeyam

You may also like this video

Exit mobile version