Site icon Janayugom Online

രാഷ്ട്രീയം കളിക്കുന്ന കേരള ഗവര്‍ണര്‍

സംഘ്പരിവാറിന്റെ തട്ടകത്തില്‍ നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കുന്നതിനുള്ള നീക്കം തുടരുകയാണ്. ഇതിനു മുമ്പ് പലപ്പോഴും അദ്ദേഹം രാജ്ഭവനെ രാഷ്ട്രീയവേദിയാക്കുന്നതിന് ശ്രമിച്ചിരുന്നതാണ്. കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ നീക്കാതെ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കില്ലെന്നു വാശിപിടിച്ച സന്ദര്‍ഭമുണ്ടായിട്ടുണ്ട്. എന്നാല്‍ ഭരണഘടനാപരമായ ബാധ്യതയാണ് നയപ്രഖ്യാപനം ഗവര്‍ണര്‍ വായിക്കുക എന്നതിനാല്‍, വാശിക്കൊടുവില്‍ വഴങ്ങേണ്ടിവന്നതും കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ വായിക്കാതെ ഒഴിവാക്കിയതുമെല്ലാം ആരിഫ് മുഹമ്മദ്ഖാന്‍ വന്നതിനുശേഷം നടന്നതാണ്. വായിച്ചില്ലെങ്കിലും അത് സഭാരേഖകളിലുണ്ടാകുമെന്നതിനാല്‍ മുഹമ്മദ്ഖാന്‍ ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യനാകുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ജനവിരുദ്ധമായ നടപടികള്‍ക്കെതിരെ സംസ്ഥാനത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കില്ലെന്ന് വാശി പിടിച്ചതും നാം മറന്നിട്ടില്ല. വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള നടപടി വൈകിപ്പിച്ചതും അടുത്തകാലത്താണ്. സംസ്ഥാന മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണത്തെക്കുറിച്ച് കുറ്റം പറ‍ഞ്ഞ് നടന്ന ആരിഫ് മുഹമ്മദ് ഖാന് കീഴ്‌വഴക്കങ്ങള്‍ക്കു വിരുദ്ധമായി ബിജെപി നേതാവിനെ മാധ്യമവിഭാഗം സെക്രട്ടറിയായി നിയമിച്ച് ഖജനാവില്‍ നിന്ന് ശമ്പളം നല്കണമെന്ന് നിര്‍ദ്ദേശിക്കുന്നതില്‍ ഒരു മടിയുമുണ്ടായിരുന്നില്ല.


ഇതുകൂടി വായിക്കൂ: സംഘപരിവാര്‍ മുട്ടാളത്തമായി മാറുന്ന ഗവര്‍ണര്‍ പദവി


ഭരണഘടനാപരമായ പദവിയാണെങ്കിലും അതിന് ഒട്ടേറെ പരിമിതികളുണ്ടെന്ന് മനസിലാക്കാതെ ജനകീയ സര്‍ക്കാരിനെതിരെ വടിയെടുക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ ആരിഫ് മുഹമ്മദ്ഖാനെന്ന ഗവര്‍ണര്‍ക്കുതന്നെ പല തവണയുണ്ടായിട്ടുണ്ട്. മറ്റ് പല സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും ഇതേ അനുഭവമാണുണ്ടായിരുന്നതും. എന്നിട്ടും രാഷ്ട്രീയക്കളി തുടരുകയാണ് അദ്ദേഹം. കേരളത്തില്‍ ബിജെപിക്ക് ജനപ്രതിനിധികളില്ലാത്തതിന്റെ പോരായ്മ നികത്തുവാന്‍ രാജ്ഭവനെയും ഗവര്‍ണര്‍ എന്ന അനാവശ്യ പദവിയെയും ഉപയോഗിക്കുകയാണ് അദ്ദേഹം. ഭരണപ്രതിസന്ധിയാണ് അദ്ദേഹം ലക്ഷ്യംവയ്ക്കുന്നതെങ്കിലും അതിനു സാധ്യമല്ലെന്നതിനാല്‍ ഭരണ നിര്‍വഹണത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുവാനാണ് ശ്രമിക്കുന്നതെന്നുവേണം ഒടുവിലത്തെ അദ്ദേഹത്തിന്റെ നിലപാടില്‍ നിന്ന് ഉറപ്പിക്കേണ്ടത്. യഥാസമയം ഒപ്പിടാത്തതിനാല്‍ 11 ഓര്‍ഡിനന്‍സുകളാണ് കഴിഞ്ഞ ദിവസം അസാധുവായത്. കണ്ണുംപൂട്ടി ഒപ്പിടില്ലെന്നാണ് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. അവിടെയാണ് അദ്ദേഹം രാഷ്ട്രീയക്കളി നടത്തുന്നതെന്ന സംശയം ബലപ്പെടുന്നത്. കാരണം ഈ ഓര്‍ഡിനന്‍സുകളില്‍ ഭൂരിപക്ഷവും നേരത്തെ ഗവര്‍ണര്‍ അംഗീകരിച്ചവയാണ്. നിയമവകുപ്പ് തയാറാക്കുകയും മന്ത്രിസഭ അംഗീകരിക്കുകയും ചെയ്യുന്ന ബില്ല് നിയമസഭ വിളിച്ചുകൂട്ടി പാസാക്കുന്നതിന് സാധിക്കാത്ത ഘട്ടത്തിലാണ് അടിയന്തര സാഹചര്യത്തില്‍ ഗവര്‍ണറുടെ അംഗീകാരത്തോടെ ഓര്‍ഡിനന്‍സുകളായി പുറപ്പെടുവിക്കുന്നത്. പിന്നീട് നിയമസഭാ സമ്മേളനത്തില്‍ നിയമമായി പാസാക്കുക, അല്ലെങ്കില്‍ പുനര്‍വിളംബരം ചെയ്യുക എന്നതാണ് പതിവ്. ഇപ്പോള്‍ കണ്ണുംപൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വാശിപിടിച്ച ഓര്‍ഡിനന്‍സുകളില്‍ പലതും ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് നേരത്തെ പുറപ്പെടുവിച്ചത്. അന്നും വിവാദമുയര്‍ത്തുന്നതിന് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിരുന്നു. ഒപ്പിടില്ലെന്ന് വാശിപിടിക്കുകയും ചെയ്തു. ആവശ്യത്തിലധികം പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുള്ള പദവിയാണ് ഗവര്‍ണര്‍ എന്നത്. അതുകൊണ്ടുതന്നെ മതിയായ വായനയും നിയമപരമായ പരിശോധനയും നടത്തിയ ശേഷമാണ് അദ്ദേഹം നേരത്തെ ഓര്‍ഡിനന്‍സുകള്‍ അംഗീകരിച്ചത്. ഈ കാരണത്താല്‍ ഗവര്‍ണറുടെ ഇപ്പോഴത്തെ നിലപാട് ദുര്‍ബലമാകുന്നു. അല്ലെങ്കില്‍ നേരത്തെ അദ്ദേഹം കണ്ണുംപൂട്ടിയാണ് ഒപ്പിട്ടതെന്ന് സമ്മതിക്കേണ്ടിവരും.


ഇതുകൂടി വായിക്കൂ: ഗവര്‍ണര്‍ സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം


2022ലെ കേരള പബ്ലിക്‌ ഹെൽത്ത്‌ ഓർഡിനൻസ്, വ്യവസായ ഏകജാലക ബോർഡും വ്യവസായ ടൗൺഷിപ്പ് വികസനവും തദ്ദേശഭരണ പൊതുസർവീസ്‌ തുടങ്ങിയ 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണറുടെ അനാവശ്യമായ പിടിവാശിയില്‍ അസാധുവായത്. പൊതുജനാരോഗ്യവും അധികാരവികേന്ദ്രീകരണവും വ്യവസായ വികസനവും ലക്ഷ്യംവച്ചുള്ള ഭേദഗതി ഓര്‍ഡിനന്‍സുകളാണ് മേല്പറഞ്ഞ മൂന്നെണ്ണവും. ചില ഓര്‍ഡിനന്‍സുകള്‍ മന്ത്രിസഭ അംഗീകരിച്ച് സമര്‍പ്പിച്ചപ്പോള്‍ ഒപ്പിടില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും രണ്ടാമതും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒപ്പിട്ടുനല്കണമെന്ന അധികാരമേ ഗവര്‍ണര്‍ക്കുള്ളൂ എന്നതിനാല്‍ അദ്ദേഹത്തിന് തന്റെ നിലപാട് മാറ്റേണ്ടിവരികയായിരുന്നു. അതുകൊണ്ട് ഇത്തവണ ഒപ്പിടേണ്ട സമയത്തിന് മുമ്പ് അതുചെയ്യാതെ അസാധുവാക്കുകയെന്ന നികൃഷ്ട മാര്‍ഗമാണ് സ്വീകരിച്ചത്. ഇതില്‍ നിന്നും വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണ് ഗവര്‍ണറെന്ന് പകല്‍ പോലെ വ്യക്തമാകുന്നു. മാത്രവുമല്ല ഗവര്‍ണര്‍ പദവി പാഴാണെന്ന നിലപാട് ഒരിക്കല്‍കൂടി ശരിയാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

You may also like this video;

Exit mobile version