Site icon Janayugom Online

ഇരുട്ടിന്‍ കരങ്ങളുമായി ഗവർണർ

“എത്ര ഇരുട്ടിൻശക്തികൾ രാക്ഷസമുഷ്ടി ചുരുട്ടി വന്നാലും അണയാത്തൊരാവേശമായ് നീ നിന്നിടും”-കണിയാപുരം രാമചന്ദ്ര‍ൻ ധീരരക്തസാക്ഷി ജയപ്രകാശിനെക്കുറിച്ചെഴുതിയ വരികളാണിത്. ജനാധിപത്യ മഹിമയെ ഇരുട്ടിന്റെ ശക്തികൾ, രാക്ഷസമുഷ്ടി ചുരുട്ടി വന്നപ്പോഴൊക്കെ ജനാധിപത്യ കേരളം ചെറുത്തുതോല്പിച്ചിട്ടുണ്ട്. ഗവർണർമാർ സ്വേച്ഛാധിപതികളായി വാഴുന്നത് ഇരുട്ടിന്റെ ശക്തികളുടെ പിൻബലത്തിലാണ്. അവർ നിയമവാഴ്ചയ്ക്കും ജനാധിപത്യ ഭരണകൂടത്തിനുമെതിരെ രാക്ഷസമുഷ്ടികൾ ഉയർത്തുന്നു. ഗവർണർമാരുടെ ആ രാക്ഷസീയതയ്ക്കെതിരായാണ് പഞ്ചാബ്, തമിഴ്‌നാട്, കേരള സര്‍ക്കാരുകളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി ശബ്ദിച്ചത്. പഞ്ചാബ് ഗവർണർക്കെതിരായ വിധി വായിച്ചുനോക്കുവാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനോട് സുപ്രീം കോടതി മുമ്പേ പറഞ്ഞിരുന്നു. പക്ഷേ നിരന്തരം വിനോദസഞ്ചാരം നടത്തുന്ന, കേരളത്തിലല്ലാത്ത ഗവർണർ ഉത്തരവാദിത്തബോധമില്ലാത്ത മറുപടി നല്‍കി. ഉന്നത നീതിപീഠം ഗവർണർക്കെതിരെ പൊട്ടിത്തെറിച്ചു. രണ്ടു വർഷം എന്തായിരുന്നു പണിയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.


ഇതുകൂടി വായിക്കു: സര്‍ക്കാരിനെതിരായ കുപ്രചരണങ്ങളും ഗവര്‍ണറുടെ ഇരട്ടത്താപ്പും


കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ അടയിരുന്നതെന്തിനെന്നും കോടതി ചോദിച്ചു. എട്ട് ബില്ലുകളിലാണ് ആരിഫ് മുഹമ്മദ്ഖാൻ അടയിരുന്നത്. അധികാര ദുർവിനിയോഗം ഗവർണർമാർ നടത്തുന്നത് അക്ഷന്തവ്യമായ ഭരണഘടനാ ലംഘനമാണെന്നും സുപ്രീം കോടതി പറഞ്ഞു. ‘ഗവർണർമാർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റിയില്ലെങ്കിൽ കോടതിക്ക് ഇടപെടേണ്ടി വരും. ഇടപെട്ടില്ലെങ്കിൽ ജനങ്ങൾ ഞങ്ങളോട് ചോദിക്കും’- രൂക്ഷവിമർശനമായി പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പുവയ്ക്കാതെ ഗവർണർ ധാർഷ്ട്യം പ്രകടിപ്പിക്കുന്നത് പാർലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രവണതയാണ്. നിയമസഭയെയും ജനാധിപത്യ പ്രതിനിധികളെയും വെല്ലുവിളിക്കുവാൻ നാമനിർദേശം ചെയ്യപ്പെടുന്ന ഗവർണർമാർക്ക് അധികാരവും അവകാശവുമില്ല. നിയമസഭയെ മറികടക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി പലവട്ടം ഓര്‍മ്മിപ്പിച്ചിട്ടും ആരിഫ് മുഹമ്മദ്ഖാനെയും കെ എൻ രവിയെയും പോലുള്ള ഗവർണർമാർ ജനാധിപത്യധ്വംസനവും ഭരണഘടനാലംഘനവും അനുസ്യൂതം തുടരുന്നു.


ഇതുകൂടി വായിക്കു:നിര്‍ണായകമാവുന്ന സുപ്രീം കോടതി നിരീക്ഷണം


സംഘപരിവാര ഫാസിസ്റ്റ് ഭരണകൂട ശക്തികൾ ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യ മതനിരപേക്ഷ സംസ്കൃതിയെയും തകർക്കുവാൻ നിരന്തരം പരിശ്രമിക്കുകയാണ്. മോഡി ഭരണകൂടം ഗവർണർമാരുടെ തോന്ന്യാസത്തിലൂടെ ജനാധിപത്യ ബോധത്തെ തകർക്കുവാൻ ശ്രമിക്കുമ്പോൾ മതനിരപേക്ഷ–ജനാധിപത്യ മനസുകൾ ഫാസിസ്റ്റ് വർഗീയ പ്രവണതകളെ ചെറുത്തു തോല്പിക്കും. “സിന്ധു ഗംഗാതടങ്ങളിൽ വിന്ധ്യ ഹിമാചല പഥങ്ങളിൽ ഇന്ത്യയിലാകെ ഇരമ്പുന്ന യുവകോടികളുടെ ശബ്ദം”- കണിയാപുരത്തിന്റെ ഈ വരികൾ ഗവർണർമാരുടെയും വർഗീയ ഫാസിസ്റ്റ് ശക്തികളുടെയും ധാർഷ്ട്യത്തിനെതിരെയും ഏകാധിപത്യ മനോഭാവത്തിനെതിരെയും ഉള്ള ഉജ്വലഘോഷണമാണ്.

Exit mobile version