അകാരണമായി ബില്ലുകള്‍ വൈകിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്തു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറിയും നിയമ വകുപ്പ് സെക്രട്ടറിയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ബില്ലുകള്‍ വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ കൊച്ചിയിലെ അഭിഭാഷകന്‍ പി വി ജീവേഷ് പൊതു താല്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബില്ലുകള്‍ക്ക് സമയ ബന്ധിതമായി അനുമതി നല്‍കാന്‍ സമയക്രമം നിര്‍ദേശിക്കണമെന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 2022 നവംബറില്‍ തള്ളി.
ഈ കേസില്‍ കക്ഷിയായിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനാ അനുച്ഛേദം 200 പ്രകാരം ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. കോടതി നിശ്ചയിക്കുന്ന സമയക്രമത്തില്‍ ബില്ലുകള്‍ പാസാക്കണമെന്ന് നിര്‍ദേശിക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഉചിതമല്ലെന്നും ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ വൈകിപ്പിക്കുന്നതിനെതിരെ തമിഴ്‌നാട്, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി സര്‍ക്കാരിന്റെ നിര്‍ണായക നീക്കം.
ഒരാഴ്ചക്കിടെ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ രണ്ട് ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഭരണഘടനാ അനുച്ഛേദം 32 പ്രകാരം സംസ്ഥാനം റിട്ട് ഹര്‍ജി നേരത്തെ ഫയല്‍ ചെയ്തിരുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവര്‍ണറുടെ അനുമതി കാത്തുകിടക്കുന്നത്. ബില്ലുകള്‍ക്ക് അനുമതി നല്‍കാത്തതുമൂലം സര്‍വകലാശാലാ ഭരണം സ്തംഭനത്തിലായി, ജനങ്ങളുടെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനാകുന്നില്ല, ജനാധിപത്യ സര്‍ക്കാരിന് ജനങ്ങളോടുള്ള കടമ നിര്‍വഹണത്തിന് ഗവര്‍ണറുടെ നിലപാട് തടസമായി നില്‍ക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളിലുള്ളത്.
English Summary: kerala govt against governor in supreme-court
You may also like this video