Site iconSite icon Janayugom Online

കെ ഫോണിലൂടെ കേരളത്തിന് സ്വന്തം ഒടിടി; 21ന് മുഖ്യമന്ത്രി പുറത്തിറക്കും

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോണിലൂടെ കേരളം സ്വന്തം ഒടിടി സേവനങ്ങള്‍ ആരംഭിക്കുന്നു. 29 ഒടിടി പ്ലാറ്റ്ഫോമുകളും 350ലധികം ഡിജിറ്റൽ ചാനലുകളുമാണ് ഇതിലൂടെ ലഭ്യമാകുക. 21ന് വൈകിട്ട് ആറിന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാവും. കെ ഫോൺ എം ഡി ഡോ. സന്തോഷ് ബാബു റിപ്പോർട്ട് അവതരിപ്പിക്കും. എംപിമാരായ ശശി തരൂര്‍, എഎ റഹീം, വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു, കെ ഫോൺ സിടിഒ മുരളി കിഷോർ ആർ എസ് തുടങ്ങിയവര്‍ പങ്കെടുക്കും. 

പരിപാടിയിൽ പങ്കെടുക്കുന്നതിനായി കെ ഫോണിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.kfon.in ലെ രജിസ്ട്രേഷൻ ലിങ്ക് വഴി സൗജന്യ പാസ് സ്വന്തമാക്കാം. പ്രമുഖ ഒടിടികളായ ജിയോ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം ലൈറ്റ്, സോണി ലൈവ്, സീ ഫൈവ്, ഫാൻ കോഡ്, ഡിസ്കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേബോക്സ് ടിവി തുടങ്ങിയ ഒടിടികളും വിവിധ ഡിജിറ്റൽ ചാനലുകളും കെഫോൺ വഴി ഉപഭോക്താക്കൾക്ക് ലഭിക്കും. ഒടിടി അടക്കമുള്ള പാക്കേജ് മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കെ ഫോൺ എംഡിയുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു. സ്പോർട്സും സിനിമയും സംഗീതവും സീരീസുകളും വിദ്യാഭ്യാസ ഉള്ളടക്കവുമെല്ലാമായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് മേഖലയും വിപുലമാവുകയാണ് ഈ സാധ്യതയാണ് കെഫോണും ഉപയോഗപ്പെടുത്തുന്നതെന്നും ഒടിടി ഉൾപ്പെടെയുള്ള പാക്കേജിന്റെ താരിഫ് ഉദ്ഘാടന ദിവസം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version