നവകേരളം കർമ്മ പദ്ധതി 2 ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകൾ) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തും. ആരോഗ്യ വകുപ്പ് ഇതിനുള്ള അനുമതി ഉത്തരവ് പുറപ്പെടുവിച്ചു. ആരോഗ്യ ഉപകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച്, ജനപങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് നടപടി. പുതിയ പകർച്ചവ്യാധികൾ, കൂടിവരുന്ന രോഗാതുരത, അതിവേഗം വർധിക്കുന്ന ജീവിതശൈലീ രോഗങ്ങൾ തുടങ്ങി പുതിയ കാലത്തെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിൽ ഓരോ പൗരന്റെയും പങ്കാളിത്തം വളരെ വലുതാണ്.
ഇത് മുന്നിൽ കണ്ട് പൊതുജന പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളെയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതിന് അനുമതി നൽകിയിട്ടുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ പിന്നീട് പുറപ്പെടുവിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ ഉപകേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ജനസൗഹൃദ സ്ഥാപനങ്ങളായി പരിവർത്തനം ചെയ്യുക, പ്രദേശത്തെ എല്ലാ ആളുകളുടെയും വാർഷിക ആരോഗ്യ പരിശോധന നടത്തുക, പരിശോധനയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനങ്ങളുടെ ജീവിതശൈലിയിൽ മാറ്റം വരുന്നതിനുള്ള ക്യാമ്പയിനുകളും ഇടപെടലുകളും നടത്തുക, കുടുംബക്ഷേമ പരിപാടികൾ, ഗർഭകാല പരിചരണം, മാതൃ-ശിശു ആരോഗ്യം എന്നിവയിൽ ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
English Summary: health subcentres upgraded to public health centres
You may also like this video