പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റിയും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും സംസ്ഥാനത്തെ എല്‍ഡിഎഫ് തുടര്‍സര്‍ക്കാര്‍ അഭിമാനപൂര്‍വം നാലാം വര്‍ഷത്തിലേക്ക് കടന്നു. കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവതലസ്പർശിയുമായ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ തുടര്‍സർക്കാരിനു സാധിച്ചുവെന്നും സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ജനങ്ങൾ നൽകിയ പിന്തുണയാണ് ഇതെല്ലാം സാധ്യമാക്കാൻ സർക്കാരിനു ഊർജവും പ്രചോദനവും പകരുന്നഥ്. നാടിനെ നിരന്തരം ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും പല ശക്തികൾ ശ്രമിച്ചിട്ടും അതിനെയെല്ലാം മറികടന്നു മുന്നോട്ടുപോകാൻ നമുക്കാകുന്നത് സർക്കാരും ജനങ്ങളും പരസ്പരം കൈകോർത്തു നിൽക്കുന്നതിനാലാണ്. സാമൂഹ്യക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന സംസ്ഥാനത്തെത്തേടി ദേശീയതലത്തിൽ നിരവധി അംഗീകാരങ്ങളെത്തി. വർഗീയതയും വിഭാഗീയതയും പല പ്രദേശങ്ങളേയും കീഴ്പ്പെടുത്തിയപ്പോഴും ജനാധിപത്യത്തിന്റെയും മതസൗഹാർദത്തിന്റെയും മാനവികതയുടേയും മഹനീയത ഉയർത്തിപ്പിടിച്ച് മറ്റുള്ളവർക്ക് മാതൃകയാകാൻ നമുക്ക് സാധിച്ചു. ഈ കാഴ്ചപ്പാടുകൾ മുറുകെച്ചേർത്ത് കേരളത്തിന്റെ ശോഭനമായ ഭാവിക്കും സമഗ്രപുരോഗതിക്കുമായി നമുക്ക് പ്രയത്നിക്കാം. സർക്കാരിനും ജനങ്ങൾക്കും ഒറ്റക്കെട്ടായി നിൽക്കാം. മൂന്നു വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ നാടിന്റെ നന്മയാഗ്രഹിച്ച് സർക്കാരിനൊപ്പം നിൽക്കുന്ന ഏവർക്കും ഹൃദയപൂർവം അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഭരണ നിർവഹണം, വികസനം, ജീവിത നിലവാരം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സമസ്ത മേഖലകളിലും നിതി ആയോഗ് നൽകുന്നത് ഉൾപ്പെടെയുള്ള ദേശീയതലത്തിലുള്ള അംഗീകാരങ്ങൾ ഇക്കാലയളവില്‍ സംസ്ഥാനത്തെ തേടിയെത്തി. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ കൊച്ചിയില്‍ പ്രവർത്തനം ആരംഭിച്ചു. ദേശീയ പാതാ വികസനം ദ്രുതഗതിയിൽ മുന്നേറുന്നു. സംരംഭകവർഷം ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ വ്യവസായ മേഖല വിപുലമായി. പൊതുവിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെയുള്ള അടിസ്ഥാന മേഖലകൾ കൂടുതൽ കരുത്താർജിച്ചു.
ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. ലൈഫ് പദ്ധതി വഴി നാല് ലക്ഷത്തിലധികം വീടുകള്‍ പൂർത്തിയായി. മൂന്നു വർഷത്തിനുള്ളിൽ 1,53,103 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഒന്നാം എല്‍ഡിഎഫ് സർക്കാർ അഞ്ച് വർഷത്തിൽ 1,77,011 പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു. 1600 രൂപ വീതം 62 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ നൽകുന്നത്. കാർഷിക മേഖലയ്ക്കായി 2024- 25 സാമ്പത്തികവർഷത്തിൽ 1698 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയ്ക്ക് 520 കോടിയും, ക്ഷീര വികസനത്തിന് 150 കോടിയും വകയിരുത്തിയിട്ടുണ്ട്.
ഐടിയിൽ വൻകിട കമ്പനികൾ നിക്ഷേപങ്ങളുമായി വരികയും സ്റ്റാർട്ടപ്പ് മേഖല അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയും സാമൂഹ്യ സുരക്ഷാ പെൻഷനുകളും കാരുണ്യ ഇൻഷുറൻസും ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികളിൽ രാജ്യത്തിനു മാതൃകയായി മാറിയിരിക്കുകയാണ് സംസ്ഥാനം.
English Summary: Kerala in development model; to the heights
You may also like this video