Site icon Janayugom Online

സാഹസിക വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി കേരളം

ഒരു ഡസനോളം പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി സാഹസിക — ക്യാമ്പിങ് വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഉറച്ച് ടൂറിസം വകുപ്പ്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ പരമാവധി കേരളത്തിലേക്ക് എത്തിച്ച് ആഗോള സാഹസിക ടൂറിസം മേഖലയില്‍ കയ്യൊപ്പ് പതിപ്പിക്കാന്‍ നാല് അന്താരാഷ്ട്ര പരിപാടികളാണ് കേരള ടൂറിസം നടപ്പാക്കുന്നത്. പാരാഗ്ലൈഡിങ്, സര്‍ഫിങ്, മൗണ്ടന്‍ സൈക്ലിങ്, വൈറ്റ് വാട്ടര്‍ കയാക്കിങ് എന്നിവയിലാണ് കേരളത്തിലെ ചില വിനോദ സഞ്ചാര സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നത്. സാഹസിക വിനോദസഞ്ചാരം ഇപ്പോള്‍ വളരെയധികം ശ്രദ്ധയാകര്‍ഷിക്കുന്നതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഗോള സാഹസിക വിനോദസഞ്ചാര കേന്ദ്രമായി ഉയരുന്നതിന് കേരളത്തിന് മികച്ച സാധ്യതകളുണ്ട്. വാട്ടര്‍ സ്പോട്സ് അഡ്വഞ്ചര്‍ ടൂറിസം പ്രമോട്ടര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ച് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ടൂറിസം വകുപ്പിന് വലിയ പദ്ധതികളുണ്ടെണ്‍ന്നും അദ്ദേഹം പറഞ്ഞു. 

ഇടുക്കി, വയനാട്, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സാഹസിക വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. വാട്ടര്‍ സ്പോട്സ്, ട്രെക്കിങ്, പാരാഗ്ലൈഡിങ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കൂടിയാണിത്. 23.5 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഈ വിഭാഗവുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയ്ക്ക് വരുമാനമായി ലഭിച്ചത്. പ്രദേശവാസികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചതിന് പുറമേ 3000 ത്തിലധികം സ്ഥിരജോലികള്‍ സൃഷ്ടിക്കാനും സാധിച്ചു. ക്യാമ്പിങ് — സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. 

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഏകദേശം 200 ആളുകള്‍ സ്വകാര്യ മേഖലയില്‍ പ്രവൃത്തിക്കുന്നു. 60 പേര്‍ ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്), വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ് ടൂറിസം വകുപ്പ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. സംഘാടന മികവും സന്ദര്‍ശകരുടെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താം പതിപ്പ് ജൂലൈ 25 മുതല്‍ 28 വരെ നടക്കും. 

Eng­lish Summary:Kerala is a favorite des­ti­na­tion for adven­ture tourists

You may also like this video

Exit mobile version