Site iconSite icon Janayugom Online

സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കാനൊരുങ്ങി കേരളം

സംസ്ഥാന മൃഗം, പക്ഷി, വൃക്ഷം, ഫലം, പുഷ്പം എന്നിവയെപ്പോലെ സ്വന്തമായൊരു സംസ്ഥാന സൂക്ഷ്മാണുവിനെ (മൈക്രോബ്) പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കേരളം. ഇതോടെ മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ആഴത്തില്‍ സ്വാധീനിക്കുന്ന സൂക്ഷ്മാണുക്കള്‍ക്ക് സംസ്ഥാനതല അംഗീകാരം നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. 23ന് കഴക്കൂട്ടം കിന്‍ഫ്രയിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കും.

മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം, കൃഷി, വ്യവസായം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സൂക്ഷ്മാണുക്കള്‍ വഹിക്കുന്ന അനിവാര്യ പങ്കിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണിത്. സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തുക, സൂക്ഷ്മാണുക്കളെ സംബന്ധിച്ച ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സുസ്ഥിരവും പ്രകൃതി അധിഷ്ഠിതവുമായ പരിഹാരങ്ങളെ പ്രോത്സാഹിപ്പിക്കുക, സൂക്ഷ്മജീവി വൈവിധ്യം സംരക്ഷിക്കുക, ലൈഫ് സയന്‍സ് രംഗത്തേക്ക് കൂടുതല്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കാന്‍ കേരളം തയ്യാറെടുക്കുന്നത്.
സാധാരണയായി രോഗകാരികളെന്ന ധാരണയില്‍ മാത്രം പൊതുസമൂഹം നോക്കിക്കാണുന്ന സൂക്ഷ്മാണുക്കള്‍ ദഹനം, രോഗപ്രതിരോധം, മണ്ണിന്റെ ആരോഗ്യസംരക്ഷണം, മികച്ച വിളവ്, പരിസ്ഥിതി സന്തുലനം തുടങ്ങിയ മേഖലകളില്‍ ഗുണകരമായ പങ്കുവഹിക്കുന്നുണ്ട്. 

ദൈനംദിന ജീവിതത്തില്‍ സൂക്ഷ്മാണുക്കള്‍ നല്‍കുന്ന അനന്തമായ ഗുണഫലങ്ങളെക്കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ ഡയറക്ടറായ ഡോ. സാബു തോമസാണ് സംസ്ഥാന സൂക്ഷ്മാണു എന്ന ആശയം മുന്നോട്ടുവച്ചത്. നിര്‍ദേശം അംഗീകരിച്ച സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അധ്യക്ഷനായ വിദഗ്ധ സമിതി രൂപീകരിച്ചു. ക്ലിനീഷ്യന്മാര്‍, ശാസ്ത്രജ്ഞര്‍, പ്രൊഫസര്‍മാര്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഈ സമിതിയാണ് സംസ്ഥാന സൂക്ഷ്മാണുവിനെ തെരഞ്ഞെടുത്തത്. രോഗകാരിയല്ലാത്തതും, കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതും, വിവിധ മേഖലകളില്‍ പ്രയോഗയോഗ്യവും സാമ്പത്തിക മൂല്യമുള്ളതും, ജിആര്‍എഎസ് പദവി ലഭിച്ചതുമായ സൂക്ഷ്മാണുവിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. 

Exit mobile version