Site iconSite icon Janayugom Online

ദാരിദ്ര്യനിര്‍മ്മാര്‍ജനത്തില്‍ മുന്നില്‍ കേരളം

രാജ്യത്ത് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടെ എണ്ണത്തില്‍ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം. പട്ടിണി ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഗോവ ഒന്നാം സ്ഥാനത്തും കേരളം രണ്ടാം സ്ഥാനത്തുമാണെന്ന് സിപിഐ രാജ്യസഭാംഗം പി സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത് സിങ് അറിയിച്ചു. രാജ്യത്തെ ദാരിദ്ര്യ രേഖാ നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളില്‍ ഇളവുണ്ടാകുമോ, ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍, രാജ്യത്തെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരെയും ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെയും നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍, കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്തെ ബിപിഎല്‍ സംഖ്യയില്‍ കുറവുണ്ടായോ, സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നിലവില്‍ ദാരിദ്ര്യ രേഖയ്ക്ക് കീഴില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കുക എന്നീ ചോദ്യങ്ങളാണ് സന്തോഷ് കുമാര്‍ ഉന്നയിച്ചത്. 

കണക്കുകള്‍ പഴയത് ആയതിനാല്‍ നിതി ആയോഗെന്ന പുതിയ സംവിധാനത്തെ പരാമര്‍ശിക്കാതെ, മുമ്പുള്ള പ്ലാനിങ് കമ്മിഷന്റെ കണക്കുകളാണ് മന്ത്രി മറുപടിയില്‍ ഉള്‍പ്പെടുത്തിയത്. മോഡി ഭരണം തുടങ്ങിയ ശേഷമുള്ള കണക്കുകളോ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ദാരിദ്ര്യരേഖാ കണക്കുകളോ സര്‍ക്കാരിന്റെ പക്കലില്ലെന്ന് മറുപടി വ്യക്തമാക്കുന്നു. കമ്മിഷന്‍ വ്യാപകമായി നടത്തുന്ന സര്‍വേകളുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യ രേഖ കണക്കുകള്‍ നിര്‍ണയിക്കുന്നതെന്നാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. 2011-12 ലാണ് ഒടുവില്‍ ഇത്തരമൊരു സര്‍വേ നടന്നതെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്.

ഗോവയില്‍ ദാരിദ്ര്യ നിരക്ക് 5.09 ആണ്. കേരളത്തില്‍ 7.05 ശതമാനം. ഹിമാചല്‍ പ്രദേശ് (8.06), സിക്കിം (8.19), പഞ്ചാബ് (8.26) ശതമാനവും. രാജ്യത്തെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ ജനസംഖ്യാ ക്രമത്തില്‍ ബിജെപി ഭരണത്തിലുള്ള ഉത്തര്‍പ്രദേശ് ആണ് ഒന്നാമത്. 5.98 കോടി ജനങ്ങളാണ് ഇവിടെ പട്ടിണിക്കാര്‍. തൊട്ടടുത്ത് ബിഹാറാണ്. 3.58 കോടിപ്പേര്‍. മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 2.34 കോടി ജനങ്ങളാണ് ബിപിഎല്‍ വിഭാഗത്തിലുള്ളത്. രാജ്യത്തൊട്ടാകെ 21.92 ശതമാനം പേര്‍ (26.97 കോടി) ദാരിദ്ര്യരേഖയ്ക്ക് താഴെയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 

Eng­lish Summary;Kerala is ahead in pover­ty alleviation

You may also like this video

Exit mobile version