Site iconSite icon Janayugom Online

ബാലാവകാശ സംരക്ഷണത്തില്‍ കേരളം മുന്നില്‍: മന്ത്രി ജി ആര്‍ അനില്‍

ബാലാവകാശ സംരക്ഷണത്തില്‍ ഇന്ത്യയില്‍ മറ്റേതൊരു സംസ്ഥാനത്തെക്കാളും മുന്നിലാണ് കേരളമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സംസ്ഥാന രൂപീകരണത്തിന് മുമ്പ് തന്നെ ഇതുണ്ടായിരുന്നു. ബാലാവകാശ സംരക്ഷണ കമ്മിഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിച്ച ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിലെ സംസ്ഥാനതല കൺസൾട്ടേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

കേരളത്തില്‍ കുട്ടികള്‍ പഠിക്കാൻ പോകാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാഴ്ച നമുക്ക് ഇതുവരെ കാണേണ്ടി വന്നിട്ടില്ല. മികച്ച
ഇടപെടലാണ് ഇവിടെ സര്‍ക്കാര്‍ നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ ഭക്ഷണത്തിന് പോലും അലയുന്നത് നമുക്ക് കാണാം. ആ നിലയിലേക്ക് കേരളം മാറിയതില്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിനും ഭരണകൂടങ്ങള്‍ക്കും പങ്കുണ്ട്. കേരളത്തില്‍ ഇന്നുള്ളത് അണുകുടുംബങ്ങളായതിനാല്‍തന്നെ കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കും. ഇതില്‍ ചിലത് അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

ഇന്നത്തെ പശ്ചാത്തലത്തില്‍ കുട്ടികളുടെ വളര്‍ച്ചയില്‍ ഡിജിറ്റല്‍ സാക്ഷരതയ്ക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ യൂണിസെഫ് കേരള — തമിഴ്‌നാട് സോഷ്യൽ പോളിസി ചീഫ് കെ എൽ റാവു പറഞ്ഞു. ഡിജിറ്റല്‍ മീഡിയയെ കുട്ടികളുടെ നേട്ടത്തിനും വികാസത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നത് സംബന്ധിച്ചും വിശദമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയര്‍മാൻ കെ വി മനോജ്കുമാർ അധ്യക്ഷനായി. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ മുഖ്യാതിഥിയായി. സംവിധായകനും ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാനുമായ ഷാജി എൻ കരുണ്‍, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ്, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ കെ സുബൈര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ബാലാവകാശ കമ്മിഷൻ അംഗങ്ങളായ കെ കെ ഷാജു, എൻ സുനന്ദ, വിദ്യാര്‍ത്ഥികളായ ജ്യോതികൃഷ്ണ, സ്വാസ്തിക, ദേവിക എന്നിവരും സംസാരിച്ചു. 

Exit mobile version