രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടക്കുന്ന സംസ്ഥാനമായി കേരളം. പേയ്‌മെന്റ് സേവന സ്ഥാപനമായ ‘വേള്‍ഡ്‌ലൈന്‍ ഇന്ത്യ’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളം മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളിയത്.
കടകളിലും മറ്റും നടന്ന ഇടപാടുകള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന് പിന്നില്‍ മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ് യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍.
ഏറ്റവുമധികം ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്ന 10 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങളുണ്ട്. ഈ പട്ടികയില്‍ ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ കേരളത്തില്‍ നിന്നാണ്. രണ്ടുവീതം നഗരങ്ങളുമായി മഹാരാഷ്ട്രയും തമിഴ്‌നാടും പിന്നാലെയുണ്ട്. ബംഗളൂരു ഒന്നാംസ്ഥാനത്തുള്ള പട്ടികയില്‍ യഥാക്രമം 7, 8, 9 സ്ഥാനങ്ങളില്‍ എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ എന്നിവയാണ് കേരളത്തില്‍ നിന്ന് ഇടംപിടിച്ചത്. ന്യൂഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ എന്നിവയാണ് രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്.
രാജ്യത്ത് യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റ്‌സ് (പിപിഐ) തുടങ്ങിയവ വഴിയുള്ള മൊത്തം ഡിജിറ്റല്‍ ഇടപാടുകള്‍ കഴിഞ്ഞവര്‍ഷം 8,792 കോടിയാണ്. ഇടപാടുകളുടെ മൂല്യം 149.5 ലക്ഷം കോടി രൂപയും രേഖപ്പെടുത്തി. യുപിഐ ഇടപാടുകള്‍ വ്യാപകമായതോടെ ഡെബിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
മുന്നില്‍ യുപിഐ
ഡിജിറ്റല്‍ പണമിടപാടുകളില്‍ യുപിഐ മുന്നില്‍. ഇടപാടുകളുടെ എണ്ണത്തില്‍ 70 ശതമാനം വര്‍ധനയും മൂല്യത്തില്‍ 54 ശതമാനം വര്‍ധനയും യുപിഐ രേഖപ്പെടുത്തി. ആകെ 7405 കോടി ഇടപാടുകളിലൂടെ 126 ലക്ഷം കോടിയുടെ വിനിമയം കഴിഞ്ഞവര്‍ഷം നടന്നിട്ടുണ്ട്.
ഏറ്റവുമധികം യുപിഐ ഇടപാടുകള്‍ നടന്ന മൊബൈല്‍ ആപ്പ് ഫോണ്‍പേയാണ്. ഗൂഗിള്‍ പേ, പേടിഎം, ആമസോണ്‍ പേ, ആക്സിസ് ബാങ്ക് എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. യുപിഐ വഴി ഏറ്റവുമധികം പണം അയയ്ക്കപ്പെട്ട ബാങ്ക് എസ്ബിഐയാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് യഥാക്രമം രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനക്കാര്‍. ഏറ്റവുമധികം പണം സ്വീകരിച്ച ബാങ്ക് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കാണ്.
English Summary: Kerala is first in digital payments
You may also like this video