Site iconSite icon Janayugom Online

കേരളം കടലില്‍ അലിയുന്നു

ഇന്ത്യയില്‍ ഏറ്റവുമധികം കടലാക്രമണഭീഷണിയുള്ള രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറുന്നു. സംസ്ഥാനത്തെ കടലോരങ്ങളില്‍ പകുതിയും രൂക്ഷമായ കടലാക്രമണ ഭീഷണിയില്‍. കേരളത്തിലെ തീരങ്ങളില്‍ നിന്ന് പ്രതിവര്‍ഷം അരമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ കടലോരഭൂമി അറബിക്കടലില്‍ അലിയുന്നുവെന്ന് പഠനങ്ങള്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിപ്പുറം സംസ്ഥാനത്തെ കടല്‍ത്തീരങ്ങളില്‍ മുക്കാല്‍ കിലോമീറ്ററിലധികം കടലെടുത്തുകഴിഞ്ഞുവെന്ന് ചെന്നൈയിലെ ദേശീയ തീരദേശ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എം വി രമണമൂര്‍ത്തി പറയുന്നു. ഇപ്പോഴത്തെ കടല്‍ത്തീരത്തിനടുത്തുനിന്നും ഒരു കിലോമീറ്റര്‍ അകലെയായിരുന്നു കടലെന്ന് ഏറെ പ്രായമായവര്‍ പറയുന്നു.

590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളത്തിന്റെ കടലോരങ്ങളിലെ ഭൂമിയില്‍ 45 ശതമാനവും രൂക്ഷമായ കടലാക്രമണത്തിനിരയാവുന്നു. ഇന്ത്യയിലൊട്ടാകെ 6256 കിലോമീറ്റര്‍ പ്രദേശത്താണ് കടലാക്രമണമെങ്കില്‍ അതില്‍ 590 കിലോമീറ്ററിന്റെ പകുതിയും കേരളത്തിലാണെന്നതും ഞെട്ടിപ്പിക്കുന്ന പഠനവിവരങ്ങള്‍. ഏറ്റവുമധികം കടലാക്രമണ ഭീഷണി അനുഭവിക്കുന്ന പശ്ചിമബംഗാളില്‍ 60 ശതമാനം തീരങ്ങളെ കടലെടുക്കുന്നുവെന്നാണ് കണക്ക്.

ബംഗാള്‍ ഉള്‍ക്കടലിലേതിനേക്കാള്‍ പല മടങ്ങ് ഇരട്ടിയാണ് അറബിക്കടലിലെ തിരകളുടെ ആക്രമണക്കരുത്തെന്നാണ് ഇന്ത്യന്‍ ബഹിരാകാശ സംഘടനയുടെ കീഴിലുള്ള വിക്രംസാരാഭായ് സ്പേസ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ എം സി ദത്തന്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നും നൂറു കണക്കിനേക്കര്‍ കടലോര ഭൂമിയാണ് കടലില്‍ അലിഞ്ഞതെന്ന് തിരുവനന്തപുരത്തെ ദേശീയ ഭൂവിജ്ഞാനീയ പഠന കേന്ദ്രം നടത്തിയ പഠനങ്ങളി‍ല്‍ കണ്ടെത്തി. സംസ്ഥാനത്തെ കടലോരങ്ങളും മലമ്പ്രദേശങ്ങളും തമ്മിലുള്ള പരമാവധി അകലം 56 കിലോമീറ്ററാണ്.

കടുത്ത പരിസ്ഥിതിനാശം മൂലം ഉണ്ടാകുന്ന ഉരുള്‍പൊട്ടലിനും തുടര്‍ച്ചയായ മേഘവിസ്ഫോടനങ്ങള്‍ക്കും നിരന്തരമായ പ്രളയത്തിലുമായി കുത്തിയൊലിച്ചു വരുന്ന മണ്ണും വെള്ളവും കടലിലേക്കാണ് ഒഴുകുന്നത്. ‍ഇടവപ്പാതിയും തുലാവര്‍ഷവും വരുന്നതിനു മുമ്പ് തന്നെ കടലാക്രമണവും രൂക്ഷമാവുന്നു. തിരുവനന്തപുരം ജില്ലയിലെ ശംഖുംമുഖം ഉള്‍പ്പെടെയുള്ള തീരങ്ങളില്‍ ഇടവപ്പാതിക്ക് മുമ്പുതന്നെ 35 ശതമാനം കടലോരങ്ങളിലും കടലാക്രമണം മൂലം വന്‍നാശനഷ്ടമുണ്ടായെന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തു വരുന്നു. തീരങ്ങളില്‍ ഭൂവസ്ത്രമണിയിക്കല്‍, മംഗളവനങ്ങളുടെ നിര്‍മ്മാണം, പുലിമുട്ടുകള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്കുന്ന പദ്ധതികളാണ് ആവിഷ്കരിക്കേണ്ടതെന്ന, ഭൂവിജ്ഞാനീയ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. കെ വി തോമസ്, സംസ്ഥാന ഫിഷറീസ് സര്‍വകലാശാലയിലെ ഡോ. എ ബിജുകുമാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ പഠന റിപ്പോര്‍ട്ടും സര്‍ക്കാരിനു മുന്നിലുണ്ട്.

Eng­lish summary;Kerala is melt­ing in the sea

You may also like this video;

Exit mobile version