ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളം ആക്കുന്നതിനുള്ള ബില്ല് രാഷ്ട്രപതി ആദ്യം നിയമസഭയുടെ അംഗീകാരത്തിന് അയക്കും. അതിന് ശേഷം പാർലമെന്റിൽ കൊണ്ടുവരും എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കിയത്.
ഇത് കേന്ദ്രത്തില്‍ അവതരിപ്പിച്ചെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്ന് സിപിഐ എംപി പി സന്തോഷ് കുമാർ 2024 ജൂലൈ 22ന് ഈ വിഷയം രാജ്യസഭയിൽ ശക്തമായി ഉന്നയിച്ചു. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഇന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്.2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ, ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽമതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പരിഷ്കരിച്ച പ്രമേയം കേരള നിയമസഭ പാസാക്കി കേന്ദ്രത്തിന് വീണ്ടും അയക്കുകയായിരുന്നു.

