Site iconSite icon Janayugom Online

ഗുജറാത്തല്ല, കേരളമാണ് വികസനമാതൃക: പരകാല പ്രഭാകര്‍

വികസനത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മാത‍ൃകയാക്കേണ്ടത് കേരളത്തെയാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പരകാല പ്രഭാകര്‍. പുതിയ ഇന്ത്യയില്‍ വിഷലിപ്ത സംസ്കാരം വര്‍ധിച്ച് വരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒഡിഷ സാഹിത്യേത്സവത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവ് കൂടിയായ പരകാല പ്രഭാകര്‍.

കേരളത്തിലെ ആരോഗ്യ‑വിദ്യാഭ്യാസ മേഖലകളിലെ പുരോഗതി ആരെയും അമ്പരപ്പിക്കുന്നതാണ്. രാജ്യത്തെ വികസിത സംസ്ഥാനങ്ങളില്‍ ഏറെ മുന്നിലാണ് സംസ്ഥാനം. സംസ്കാരികമായും കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ ഇന്ത്യ എന്ന സങ്കല്പം നല്ലതുതന്നെയാണ്. എന്നാല്‍ ഇരുമ്പില്‍ വിഷസാന്നിധ്യം ഏറെയാണ് എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. പാര്‍ലമെന്റില്‍ വരെ ഇതിന്റെ ഉദാഹരണം കാണാന്‍ സാധിക്കും. ബിജെപി എംപി രമേഷ് ബിധൂരിയുടെ വാക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. അത്തരം വ്യക്തികളാണ് പുതിയ ഇന്ത്യയുടെ മുഖമായി മാറുന്നത്.

സ്വാതന്ത്ര്യത്തിനായുള്ള ദീര്‍ഘകാല പോരാട്ടത്തില്‍ ഒരു പങ്കും വഹിക്കാത്ത ആളുകള്‍ക്ക് തങ്ങളെ രാജ്യസ്നേഹികളായി മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കും. സന്യാസിമരും സാധുക്കളും വംശഹത്യ, സാമ്പത്തിക ബഹിഷ്കരണം എന്നിവയ്ക്ക് ആഹ്വാനം ചെയ്യുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്. പുതിയ ഇന്ത്യ ബഹുസ്വരവും മതേതരവും ജനാധിപത്യപരവുമായിരിക്കണം. രാജ്യത്ത് ഒരു മതത്തിന് മാത്രം പ്രാധാന്യം ലഭിക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും ഇതര മതങ്ങളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Ker­ala is the devel­op­ment mod­el, not Gujarat: Parakala Prabhakar
You may also like this video

Exit mobile version