Site iconSite icon Janayugom Online

കരിനിഴലിന്റെ കക്ഷിരാഷ്ട്രീയ അജണ്ടകള്‍

ലഹരിക്കെതിരെ നാടെങ്ങും നടക്കുന്ന ശക്തമായ മുന്നേറ്റത്തിന് കരിനിഴലായി സഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. മയക്കുമരുന്നിന്റെ പ്രഭവസ്ഥാനം മലയാളഭൂമി എന്ന ധ്വനിയില്‍ മാത്യു കുഴല്‍നാടന്‍ പറഞ്ഞ് പറഞ്ഞ് ഭരണമുന്നണിയില്‍ നിന്ന് ലഹരി മാഫിയയ്ക്ക് സംരക്ഷണം ലഭിക്കുന്നു എന്നുവരെ എത്തി. പക്ഷങ്ങളില്ലാതെ, ജാതിമത വ്യത്യാസങ്ങളില്ലാതെ ലഹരിക്കെതിരെ സജീവമായ പോരാട്ടത്തില്‍ സങ്കുചിതമായ കക്ഷിരാഷ്ട്രീയ അജണ്ടകള്‍ നിറയ്ക്കരുതെന്ന അഭ്യര്‍ത്ഥനയിലായിരുന്നു എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ മറുപടി. കക്ഷിരാഷ്ട്രീയ ചേരിതിരിവ് ജനങ്ങളുടെ ആത്മവിശ്വാസത്തെ ചോര്‍ത്തിക്കളയും. ഇത് മയക്കുമരുന്നു ലഹരി മാഫിയയെ മാത്രം സഹായിക്കും, സമഗ്രമായ പരിപാടിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള പോരാട്ടം നടക്കുകയാണ്. വിപുലമായ ജനകീയ അടിത്തറയും ജനകീയമായ പ്രചാരണവുമാണ് ബലം. ഇതിനൊപ്പം ലഹരി മാഫിയയെ പിടിച്ചുകെട്ടാനുള്ള നിയമ നടപടികളുടെ ശക്തമായ നിര്‍വഹണം ജനങ്ങളില്‍ വലിയ ആത്മവിശ്വാസവും ധൈര്യവുമാണ് നല്‍കുന്നത്. സംസ്ഥാനതലം മുതല്‍ വിദ്യാലയതലം വരെയും എല്ലാ വാര്‍ഡ്തലത്തിലും ജനകീയ മോണിറ്ററിങ് സമിതികളും പ്രവര്‍ത്തിക്കുന്നു. ഇവരിലൂടെ ലഹരിമാഫിയയ്ക്കെതിരെ ധാരാളം വിവരങ്ങള്‍ പൊലീസിനും എക്സൈസിനും ലഭിക്കുന്നു.

ലഹരിമാഫിയയുടെ കച്ചവട കണ്ണി മുറിയുന്നു. യോജിച്ച പോരാട്ടത്തെ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളില്‍ വിള്ളല്‍ വീഴ്ത്തരുതെന്ന അഭ്യര്‍ത്ഥന മന്ത്രിയുടെ മറുപടിയിലാകെ നിഴലിച്ചു. പ്രതിപക്ഷം നല്‍കിയ പിന്തുണയെയും യോജിപ്പിനെയും ഉയര്‍ത്തിപ്പിടിക്കുമ്പോഴും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സംസാരത്തില്‍ ഭരണമുന്നണിയിലെ ഒരു കക്ഷിയും അവരുടെ സംഘടനകളും ലഹരിമാഫിയയ്ക്ക് കാവല്‍ നില്‍ക്കുന്നുവെന്ന ആക്ഷേപം നിറഞ്ഞു. ചില കണക്കുകളും ഒറ്റപ്പെട്ട സംഭവങ്ങളും ഉയര്‍ത്തി മറുപടിക്കായി മന്ത്രി രാജേഷും പി രാജീവും ശ്രമിക്കുമ്പോള്‍ തന്റെ സംസാരത്തിനിടെ വേണ്ടെന്ന നിലപാടില്‍ പ്രതിപക്ഷ നേതാവ്. ലഹരിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ഐക്യവും യോജിപ്പും ഉണ്ട്. അതിനെ ദുര്‍ബലപ്പെടുത്തുന്ന സന്ദേശം നിയമസഭയില്‍ നിന്ന് ചെല്ലുമ്പോള്‍ അത് മയക്കുമരുന്ന് ലഹരി മാഫിയയെ മാത്രം സഹായിക്കുന്നു. കക്ഷിരാഷ്ട്രീയം വച്ചുപുലര്‍ത്തേണ്ടതല്ല മയക്കുമരുന്നിനെതിരായ പോരാട്ടം. രാഷ്ട്രീയ ചേരിതിരിവ് ജനങ്ങളുടെ ആത്മവിശ്വാസത്തെ ചോര്‍ത്തിക്കളയും, പുനര്‍വിചിന്തനം നടത്താന്‍ പ്രതിപക്ഷം തയാറാകണം. വില കുറഞ്ഞ രാഷ്ട്രീയം അവസാനിപ്പിക്കണം, മന്ത്രി വീണ്ടും അഭ്യര്‍ത്ഥിച്ചു.

കുളം കലക്കി മീന്‍ പിടിക്കാനുള്ള കുഴല്‍നാടന്‍ കെണിയില്‍ പ്രതിപക്ഷനേതാവും കുടുങ്ങിക്കിടന്നു. ആരോപണങ്ങള്‍ ആ­വര്‍ത്തിച്ചു. കള്ളം ആവര്‍ത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷാംഗങ്ങള്‍ ശബ്ദമുയര്‍ത്തി. മേപ്പാടിയില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ പ്രതികളായ സംഭവത്തിന് മലയിന്‍കീഴിലെ പ്രതിയുടെ ഭരണകക്ഷി ബന്ധം മറുവാദമായി. കുറ്റം ചെയ്തവരെല്ലാം ജയിലിലാണ്. ആര്‍ക്കും സംരക്ഷണമില്ല, കുറ്റവാളികളെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തും, മന്ത്രി രാജേഷ് വ്യക്തമാക്കി. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനെ കു­ത്താ­നാണ് ശ്രമം എങ്കില്‍ അത് തിരിഞ്ഞു കുത്തും. പ്രമേയാവതാരകന്റെ രാഷ്ട്രീയ ദുഷ്ടലാക്കും പാകതയില്ലായ്മയും ആ­ശങ്കപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതുമാണ്. ബഹളമായി സഭ. തുടര്‍ നടപടികള്‍ ഉപേക്ഷിച്ച് പിരിഞ്ഞു. എല്ലാം തീരുമാനിച്ചുറപ്പിച്ചതാണെന്നും സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണ്ടതില്ല എന്നുമായിരുന്നു സഭയ്ക്കു പുറത്തുള്ള കുഴല്‍നാടന്‍ മറുപടി. ഇത് പ്രതിപക്ഷ നേതാവും ശരിവച്ചു.

Eng­lish Sam­mury: ker­ala leg­isla­tive assem­bly busi­ness analytics

Exit mobile version