രാജ്യത്ത് ഏറ്റവും ജനാധിപത്യപരമായും കാര്യക്ഷമമായും പ്രവർത്തിക്കുന്ന നിയമസഭയാണ് കേരളത്തിലേതെന്ന് സ്പീക്കർ എം ബി രാജേഷ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പവർ ഓഫ് ഡെമോക്രസി-നാഷണൽ വിമൻ ലെജിസ്ലേറ്റേഴ്സ് കോൺഫറൻസ് കേരള 2022ന്റെ ലോഗോയും വെബ്സൈറ്റും പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ഉന്നത വേദിയെന്ന നിലയിലും ചർച്ചകളുടേയും സംവാദങ്ങളുടേയും ഉയർന്ന തലമെന്ന നിലയിലും രാജ്യത്തെ എല്ലാ നിയമസഭകൾക്കും കേരള നിയമസഭയിൽനിന്നു നിരവധി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിയമ നിർമ്മാണ സഭകളുടെ സമ്മേളനങ്ങൾ ചേരുന്ന ദിവസങ്ങളിൽ ഗണ്യമായ കുറവുണ്ടാകുന്നതായി സ്പീക്കർ ചൂണ്ടിക്കാട്ടി. ലോക്‌സഭയുടേയും സംസ്ഥാന നിയമസഭകളുടേയും സമ്മേളന ദിവസങ്ങളിൽ ഈ കുറവ് സാരമായുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം 61 ദിവസം കേരള നിയമസഭ സമ്മേളിച്ചു. ഈ കാലയളവിൽ രാജ്യത്ത് ഏറ്റവും കുടുതൽ ചേർന്ന സഭയാണിത്. ലോക്‌സഭ സമ്മേളിച്ച ദിനങ്ങളേക്കാൾ കൂടുതലാണിത്.
സംസ്ഥാനങ്ങളിലെ നിയമസഭാ സമ്മേളന ദിനങ്ങളുടെ 1951 മുതലുള്ള കണക്കു പരിശോധിച്ചാൽ എല്ലായിടത്തും വലിയ കുറവുണ്ടായിട്ടുണ്ടെന്നു വ്യക്തമാകും. ഇതിൽ ഏറ്റവും കൂടുതൽ സമ്മേളന ദിനങ്ങൾ നടന്നതു കേരള നിയമസഭയിലാണ്. കഴിഞ്ഞ വർഷം 21 ദിവസം പൂർണമായി നിയമനിർമ്മാണത്തിനു മാത്രമായി ചേർന്നു. ഇതും അഭിമാന നേട്ടമാണ്. രാജ്യത്തെ പല സഭകളും ചേരുന്നതു ബജറ്റ് സമ്മേളനങ്ങൾക്കു മാത്രമായിട്ടാണെന്ന സാഹചര്യം നിലനിൽക്കെയാണിത്. നിയമ നിർമ്മാണത്തിന്റെ ഗുണമേന്മയും കേരളത്തിൽ മെച്ചപ്പെട്ടതാണ്.
സഭാംഗങ്ങൾ മത്സരബുദ്ധിയോടെയും സൂക്ഷ്മമായുമാണ് ഇതിൽ പങ്കെടുക്കുന്നത്. ആരോഗ്യകരമായ മത്സരം ഇക്കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. എണ്ണായിരത്തിലേറെ ഭേദഗതികളാണ് 21 ദിവസം ചേർന്ന നിയമസഭാ സമ്മേളനത്തിലുണ്ടായത് എന്നത് ഇതിന് ഉദാഹരണമാണെന്നും സ്പീക്കർ പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭയുടെ നേതൃത്വത്തിൽ രാജ്യത്തെ വനിതാ സാമാജികരുടെ സമ്മേളനം സംഘടിപ്പിക്കും. പാർലമെന്റിന്റെ ഇരു സഭകളിലേയും രാജ്യത്തെ എല്ലാ നിയമസഭകളിലേയും വനിതാ അംഗങ്ങളുടെ സമ്മേളനമാകും ഇത്. മേയ് മാസം സംഘടിപ്പിക്കുന്ന സമ്മേളനത്തെ രാജ്യത്തെ വനിതകളുടെ ബഹുമുഖ പ്രശ്നങ്ങൾ ഗൗരവമായി ചർച്ച ചെയ്യുന്ന വേദിയാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, കെ പി മോഹനൻ, സി കെ ആശ, മോൻസ് ജോസഫ്, നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണൻ നായർ, കെ-ലാംപ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ മഞ്ജു വർഗീസ് എന്നിവര്‍ പങ്കെടുത്തു.
English Summary: Kerala Legislative Assembly is the best in democracy and efficiency: Speaker
You may like this video also