Site iconSite icon Janayugom Online

രഞ്ജി ട്രോഫിയിൽ പഞ്ചാബിനോട് ലീഡ് വഴങ്ങി കേരളം

രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സത്തിൽ തന്നെ ലീഡ് വഴങ്ങി കേരളം. പഞ്ചാബിന് എതിരെ ആദ്യ ഇന്നിങ്സിൽ കേരളം 179 റൺസിന് പുറത്തായി. ഇതോടെ 15 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് കേരളം വഴങ്ങിയത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എന്ന നിലയിലാണ്. ഒൻപത് വിക്കറ്റിന് 180 റൺസെന്ന നിലയിൽ ഞായറാഴ്ച ബാറ്റിങ് തുടങ്ങിയ പഞ്ചാബിൻ്റെ ആദ്യ ഇന്നിങ്സ് 194 റൺസിന് അവസാനിച്ചിരുന്നു. സിദ്ദാർഥ് കൌളിനെ പുറത്താക്കിയ ജലജ് സക്സേന മല്സരത്തിൽ അഞ്ച് വിക്കറ് നേട്ടവും പൂർത്തിയാക്കി. നേരത്തെ ആദിത്യ സർവാതെയും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. അവസാന വിക്കറ്റിൽ മായങ്ക് മർക്കണ്ഡേയും സിദ്ദാർത്ഥ് കൌളും ചേർന്ന് കൂട്ടിച്ചേർത്ത 51 റൺസാണ് കേരളത്തിന് തിരിച്ചടിയായത്. മായങ്ക് 37 റൺസുമായി പുറത്താകാതെ നിന്നു. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഇന്നിങ്സിൻ്റെ ഒരു ഘട്ടത്തിലും മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. 15 റൺസെടുത്ത ഓപ്പണർ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. സച്ചിൻ ബേബി 12ഉം വത്സൽ ഗോവിന്ദ് 28 റൺസും എടുത്ത് പുറത്തായി. അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും 17 റൺസ് വീതമെടുത്തു. 38 റൺസെടുത്ത മൊഹമ്മദ് അസറുദ്ദീനാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. വിഷ്ണു വിനോദ് 20 റൺസുമായി പുറത്താകാതെ നിന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നർ മായങ്ക് മർക്കണ്ഡെയുടെ പ്രകടനമാണ് കേരള ബാറ്റിങ് നിരയെ തകർത്തത്. ഫാസ്റ്റ് ബൌളർ ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ പഞ്ചാബിന് അഭയ് ചൌധരി, നമൻ ധീർ, സിദ്ദാർഥ് കൌൾ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആദിത്യ സർവാതെ രണ്ട് വിക്കറ്റും ബാബ അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.

Exit mobile version