Site icon Janayugom Online

മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

അട്ടപ്പാടിയിലെ മധുവിനെ കൊലപ്പെടുത്തിയവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാക്ഷികള്‍ക്ക് പൂര്‍ണമായ സുരക്ഷ നല്‍കുമെന്നും നിയമസഭയില്‍ എ പി അനില്‍കുമാര്‍, ഉമ തോമസ്, ടി സിദ്ധീഖ്, കെ കെ രമ എന്നിവരുടെ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മധുവിന്റെ കുടുംബത്തിന് ഭീഷണി ഉണ്ടായ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഗളി ഡിവൈഎസ്‌പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മധുവിന്റെ കേസില്‍ നിഷ്‌പക്ഷവും നീതിപൂര്‍വമായ വിചാരണയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി സാക്ഷികളെ സുരക്ഷിതമായി കോടതിയിലെത്തിക്കും. ഇ മെയില്‍, മൊബൈല്‍ ഫോണ്‍ എന്നിവ കൃത്യമായി പരിശോധിച്ച് കൂറമാറ്റ സാധ്യതകളും മറ്റും കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മധു കൊല്ലപ്പെട്ട സംഭവം നാടിന് അപമാനമുണ്ടാക്കിയ ഒന്നാണ്. ഒരു കാരണവശാലും സര്‍ക്കാര്‍ ഈ കേസില്‍ അലംഭാവം കാണിക്കില്ല. അത്തരം ആശങ്ക വേണ്ടെന്നും പ്രതികള്‍ക്ക് ശിക്ഷഉറപ്പാക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.

സുപ്രധാന കേസുകളിലെ പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചുകൊണ്ട് അന്വേഷണവും വിചാരണയും അട്ടിമറിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഇടപെടലാണ് അംഗങ്ങള്‍ നടത്തിയത്. കൂടുതല്‍ സാക്ഷികള്‍ കൂറുമാറാതിരിക്കാന്‍ ഇടപെടല്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതിനഞ്ചാം നിയമസഭയുടെ ആറാം സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ ആദ്യ അജണ്ടയായാണ് അംഗങ്ങളുടെ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ പരിഗണിച്ചത്. മുഖ്യമന്ത്രിക്കുപുറമെ മറ്റുവിഷയങ്ങളില്‍ ആരോഗ്യ‑വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ്, ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍, തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ എന്നിവരും മറുപടി നല്‍കും.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഡോ.എം കെ മുനീര്‍, മഞ്ഞളാംകുഴി അലി, പി ഉബൈദുള്ള, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരും ഐടി മേഖലയിലെ വികസനവുമായി ബന്ധപ്പെടുത്തി കടകംപിള്ളി സുരേന്ദ്രന്‍, കെ എം സച്ചിന്‍ദേവ്, കെ കെ രാമചന്ദ്രന്‍, കെ വി സുമേഷ് എന്നിവരുമാണ് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് പി എസ് സുപാല്‍, സി കെ ആശ, വി ശശി, വാഴൂര്‍ സോമന്‍ എന്നിവരുടെയും നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുണ്ട്. ക്രമസമാധാനപാലനം കാര്യക്ഷമമാക്കലുമായി ബന്ധപ്പെട്ട് കെ ഡി പ്രസേനനും ടി പി രാമകൃഷ്ണനും എച്ച് സലാമും ജി സ്റ്റീഫനും ചോദ്യമുന്നയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് നജീബ് കാന്തപുരവും കെ പി എ മജീദും പി കെ ബഷീറും ടി വി ഇബ്രാഹിമുമാണ് ചോദ്യമുന്നയിച്ചിരിക്കുന്നത്. ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് എം നൗഷാദ്, കെ യു ജുനീഷ്‌കുമാര്‍, വി കെ പ്രശാന്ത്, എന്‍ കെ അക്ബര്‍ എന്നിവരാണ് ചോദ്യം ഉന്നയിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നടപടി ആവശ്യപ്പെട്ട് പി മമ്മിക്കുട്ടി, വി ജോയി, യു പ്രതിഭ, കാനത്തില്‍ ജമീല എന്നിവര്‍ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ഗുണ്ടാ, മയക്കുമരുന്ന് സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ നടപടി ആവശ്യപ്പെട്ട് കെ ആന്‍സലന്‍, സി എച്ച് കുഞ്ഞമ്പു, പി ടി എം റഹീം, ദെലീമ എന്നിവരാണ് ചോദ്യമുന്നയിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ പദ്ധതി വേണമെന്ന ആവശ്യത്തിന്മേല്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, എന്‍ ജയരാജ്, പ്രമോദ് നാരായണന്‍, ജോബ് മൈക്കിള്‍ എന്നിവരും ചോദ്യമുയിച്ചിട്ടുണ്ട്.

ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് വി ആര്‍ സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, മുഹമ്മദ് മുഹ്സിന്‍, സി സി മുകുന്ദന്‍ എന്നിവരുടെ ചോദ്യങ്ങളുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയുന്നതുമായി ബന്ധപ്പെടുത്തി അബ്ദുല്‍ ഹമീദ് പി, യു എ ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, ടി വി ഇബ്രാഹിം എന്നിവരുടെ ചോദ്യങ്ങളും ഇന്ന് പരിഗണിക്കും. കെ ഫോണ്‍ വിഷയത്തില്‍ കെ കെ ശൈലജയും സജി ചെറിയാനും പി നന്ദകുമാറും പി വി ശ്രീനിജനും ചോദ്യമുന്നയിച്ചിട്ടുണ്ട്. ട്രോമ കെയര്‍ പദ്ധതിയിന്മേല്‍ പി ടി എ റഹീം, മുരളി പെരുനെല്ലി, വി ജോയി എന്നിവരാണ് ചോദ്യമുന്നയിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ സേവനങ്ങളെ ബന്ധപ്പെടുത്തി എം വിജിന്‍, ഡി കെ മുരളി, കെ ജെ മാക്സി, കെ പ്രേംകുമാര്‍ എന്നിവരുടേതാണ് ചോദ്യങ്ങള്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട് എം രാജഗോപാലന്‍, എ സി മൊയ്തീന്‍, ഒ എസ് അംബിക, സി കെ ഹരീന്ദ്രന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി മറുപടി നല്‍കും. എന്‍ഡോ സള്‍ഫാന്‍ ബാധിതര്‍ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെടുത്തി എന്‍ ഷംസുദ്ദീനും എന്‍ എ നെല്ലിക്കുന്നും എ കെ എം അഷ്റഫും കുറക്കോളി മൊയ്തീനും ചോദ്യമുന്നയിക്കും. പോഷക ബാല്യം പദ്ധതിയുമായി ബന്ധപ്പെടുത്തി യു പ്രതിഭയും സി കെ ഹരീന്ദ്രനും കാനത്തില്‍ ജമീലയും എ പ്രഭാകരനും ചോദ്യം ഉന്നയിച്ചിട്ടുണ്ട്.

തെരുവുനായ്ക്കളുടെ ശല്യം നേരിടുന്നതിനുള്ള നടപടി സംബന്ധിച്ച് മഞ്ഞളാംകുഴി അലിയും പി കെ ബഷീറും എന്‍ ഷംസുദ്ദീനും എം കെ മുനീറും മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. ജലബജറ്റും ജലസുരക്ഷാ പ്ലാനുകളും തയാറാക്കുന്ന പദ്ധതിയില്‍ ദെലീമ, ഐ ബി സതീഷ്, കെ എന്‍ ഉണ്ണകൃഷ്ണന്‍, ലിന്റോ ജോസഫ് എന്നിവരുടേതാണ് ചോദ്യങ്ങള്‍. സംസ്ഥാനത്ത് കൂടുതല്‍ നഴ്സിങ് കോളജുകള്‍ അനുവദിക്കണമെന്ന് ആവശ്യരപ്പെട്ടുള്ള ചോദ്യങ്ങളാണ് പ്രമോദ് നാരായണന്‍, ഡോ. എന്‍ ജയരാജ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കലും ഉന്നയിച്ചിരിക്കുന്നത്. മരുന്ന് സംഭരണത്തിനുള്ള നടപടിക്കായാണ് തൃപ്പുണ്ണിത്തുറ അംഗം കെ ബാബുവും പി സി വിഷ്ണുനാഥും അന്‍വര്‍ സാദത്തും ഐ സി ബാലകൃഷ്ണനും ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ആദിവാസി മേഖലകളില്‍ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതികള്‍ ചൂണ്ടിക്കാട്ടി സി സി മുകുന്ദന്‍, ഇ ചന്ദ്രശേഖരന്‍, വി ആര്‍ സുനില്‍കുമാര്‍, മുഹമ്മദ് മുഹ്സിന്‍ എന്നിവരുടെ ചോദ്യങ്ങളും ഉണ്ട്. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ വിവരിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് കെ തോമസും കെ പി മോഹനനും കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും ചോദ്യങ്ങള്‍ നല്‍കിയിട്ടുണ്ട്.

സാമ്പത്തിക കുറ്റാന്വേഷണത്തിനായി പ്രത്യേക വിഭാഗം ആരംഭിക്കാനാവുമോ എന്ന ചോദ്യമാണ് പി നന്ദകുമാറും കെ യു ജുനീഷ്‌കുമാറും പി വി അന്‍വറും പി പി സുമോദും ഉന്നയിച്ചിരിക്കുന്നത്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി മൈക്രോപ്ലാന്‍ സംബന്ധിച്ച് വി കെ പ്രശാന്ത്, ഡി കെ മുരളി, പി പി ചിത്തരഞ്ജന്‍, എം നൗഷാദ് എന്നിവരുടെ ചോദ്യങ്ങളും ഇന്ന് പരിഗണിക്കും. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഐ ബി സതീഷിന്റെയും എം മുകേഷിന്റെയും എ പ്രഭാകരന്റെയും ലിന്റോ ജോസഫിന്റെയും ചോദ്യങ്ങള്‍. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് സണ്ണി ജോസഫും സി ആര്‍ മഹേഷും റോജി എം ജോണും സനീഷ്‌കുമാര്‍ ജോസഫും ചോദ്യമുന്നയിക്കും. അളവുതൂക്കങ്ങളിലെ കൃത്രിമം തടയാനുള്ള നടപടികളില്‍ പി കെ ബഷീറും എം കെ മുനീറും എന്‍ ഷംസുദ്ദീനും ചോദ്യം നല്‍കിയിട്ടുണ്ട്. അതിദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാണ് എം എസ് അരുണ്‍കുമാറും ഡോ.കെ ടി ജലീലും ഒ ആര്‍ കേളുവും പി പി സുമോദും നക്ഷത്ര ചോദ്യങ്ങള്‍ നല്‍കിയിട്ടുള്ളത്.

Exit mobile version