Site iconSite icon Janayugom Online

കുറഞ്ഞ ശിശുമരണ നിരക്കില്‍ കേരളം വീണ്ടും മുന്നില്‍

കുറ‌ഞ്ഞ ശിശുമരണനിരക്കില്‍ കേരളം വീണ്ടും മുന്നില്‍. രാജ്യത്തെ എല്ലാ വലിയ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വിഭാഗത്തിലാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം (എസ്ആര്‍എസ് ) 2020 ബുള്ളറ്റിനിലാണ് പുതിയ വിവരങ്ങളുള്ളത്. ഈ കണക്കനുസരിച്ച് കേരളത്തില്‍ ആയിരം കുട്ടികള്‍ ജനിക്കുമ്പോള്‍ ആറു കുട്ടികളാണ് മരിക്കുന്നത്. ഇത് ദേശീയ ശരാശരിയെക്കാള്‍ അഞ്ചുമടങ്ങ് കുറവാണ്. 28 ആണ് ദേശീയ ശരാശരി. 

ഗ്രാമീണ മേഖലയിലെ ശിശുമരണനിരക്കും ദേശീയ ശരാശരിയേക്കാള്‍ നാല് മടങ്ങ് കുറവാണ് 2020ല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ ശരാശരി 31 ആണ്. ഡല്‍ഹി (12), തമിഴ്‌നാട് (13) എന്നിവയാണ് ശിശുമരണനിരക്ക് കുറ‌ഞ്ഞ മറ്റ് സംസ്ഥാനങ്ങള്‍. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ശിശുമരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്,43. എന്നാല്‍ 2019ല്‍ ഇത് 46 ആയിരുന്നു. മിസോറാം (3) തല്‍സ്ഥിതി തുടര്‍ന്നപ്പോള്‍ നാഗാലാന്‍ഡില്‍ ഒരു പോയിന്റ് വര്‍ധന രേഖപ്പെടുത്തി. 2005–2020 കാലഘട്ടത്തില്‍ ശിശുമരണനിരക്കില്‍ ഏറ്റവും കുറവ് വരുത്താന്‍ കഴിഞ്ഞത് ഒഡിഷയ്ക്കാണ്. 39 പോയിന്റിന്റെ ഇടിവാണ് ഇക്കാലയളവില്‍ ഒഡിഷ രേഖപ്പെടുത്തിയിട്ടുള്ളത്.

Eng­lish Summary:Kerala once again leads in low infant mor­tal­i­ty rate
You may also like this video

Exit mobile version