Site icon Janayugom Online

കേരള റബർ ലിമിറ്റഡില്‍ മൂന്ന് വർഷത്തിനുള്ളിൽ 8000 പേർക്ക് തൊഴിൽ

സംസ്ഥാന സർക്കാർ പുതുതായി രൂപം നൽകിയ കേരളാ റബർ ലിമിറ്റഡിന്റെ വെള്ളൂരിലെ വ്യവസായ എസ്റ്റേറ്റ് മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും. 253.58 കോടി രൂപയുടെ മുതൽ മുടക്ക് വേണ്ടി വരുന്ന പദ്ധതിക്ക് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അടുത്ത മേയ് മാസത്തിൽ തുടക്കം കുറിക്കും. 8000 പേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന പദ്ധതിയാണിത്. 164.86 ഏക്കർ പ്രദേശമാണ് വ്യവസായ എസ്റ്റേറ്റായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ ഡിപിആർ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.

കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച വെള്ളൂർ എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും പൊതുമേഖലയിൽ രണ്ട് പുതിയ കമ്പനികൾക്ക് രൂപം നൽകുകയും ചെയ്തിരുന്നു. ഇതിലൊന്നാണ് കേരള റബർ ലിമിറ്റഡ്. സർക്കാർ‑സ്വകാര്യ നിക്ഷേപക പങ്കാളിത്തത്തോടെയാണ് റബർ ലിമിറ്റഡിന് രൂപം നൽകിയിട്ടുള്ളത്. സ്വാഭാവിക റബർ അടിസ്ഥാനമാക്കി റബർ അധിഷ്ഠിത വ്യവസായങ്ങൾക്കുള്ള വ്യവസായ പാർക്കാണ് കെആർഎൽ വെള്ളൂരിൽ സ്ഥാപിക്കുക. എംഎസ്എംഇ മേഖലക്ക് ഊന്നൽ നൽകിയാവും പാർക്ക് പ്രവർത്തിക്കുക.

റബർ ഉല്പന്ന പ്രദർശന കേന്ദ്രം, ടയർ ടെസ്റ്റിംഗ് സെന്റർ, സ്റ്റെറിലൈസറിംഗ് സെന്റർ, ബിസിനസ് ഇൻക്യുബേഷൻ സെന്റർ, വെയർഹൗസ്, ടൂൾ റൂം, ഏകജാലക അനുമതിക്കുള്ള സംവിധാനം, സ്വാഭാവിക റബർ അധിഷ്ഠിത ഉല്പന്നങ്ങളുടെ നിർമ്മാണ കേന്ദ്രം തുടങ്ങി ഒട്ടേറെ പ്രത്യേകതകൾ ഉള്ള പാർക്കാണ് വിഭാവനം ചെയ്യുന്നത്. പാർക്കിലെ പൊതു സൗകര്യങ്ങൾ കമ്പനി ഒരുക്കും.

രണ്ട് ഘട്ടങ്ങളിലായി മൂന്ന് വർഷങ്ങൾ കൊണ്ട് പാർക്ക് പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. 65 ഓളം വ്യവസായ യൂണിറ്റുകൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യം പാർക്കിൽ ഉണ്ടാകും. ലാറ്റക്സ് അധിഷ്ഠിത വ്യവസായങ്ങളായ സർജിക്കൽ ഗ്ലൗസ്, ഇൻഡസ്ട്രിയൽ ഗ്ലൗസ്, മെഡിക്കൽ ഉപകരണങ്ങൾ, റബർ അധിഷ്ഠിത വ്യവസായങ്ങളായ ടയർ, മാറ്റ് തുടങ്ങിയ ഉല്പന്നങ്ങൾ എന്നിവയുടെ നിർമ്മാണ യൂണിറ്റുകൾക്ക് എല്ലാ സൗകര്യങ്ങളും പാർക്കിൽ ഒരുക്കും. ആധുനിക സൗകര്യങ്ങളുള്ള പാർക്ക് രാജ്യത്തെ തന്നെ മുൻനിര എസ്റ്റേറ്റുകളിൽ ഒന്നായിരിക്കും.

കർഷകർക്ക് ഏറെ പ്രയോജനപ്രദം

സംസ്ഥാനത്തെ റബർ കർഷകർക്കാണ് വ്യവസായ പാർക്ക് ഏറെ പ്രയോജനപ്പെടുകയെന്ന് ഡിപിആർ വ്യക്തമാക്കുന്നു. സ്വാഭാവിക റബർ ഉല്പാദനം വർധിപ്പിക്കാനും മൂല്യവർധിത ഉല്പന്നങ്ങൾ സൃഷ്ടിക്കാനും ലോകോത്തര നിലവാരമുള്ള പാർക്കിലൂടെ കഴിയുമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. സ്വാഭാവിക റബർ സംസ്കരണത്തിനും ഇവ അടിസ്ഥാനമാക്കിയുള്ള ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും പാർക്കിലൂടെ കഴിയും.

 

eng­lish sum­mery: Employ­ment for 8000 peo­ple in Ker­ala Rub­ber Lim­it­ed in three years

Exit mobile version