Site iconSite icon Janayugom Online

മുല്ലപ്പെരിയാര്‍ സത്യവാങ്മൂലത്തില്‍ കേരളം റൂള്‍ കര്‍വ് പുനഃപരിശോധിക്കണം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാലപ്പഴക്കവും അതിവേഗമുള്ള ജലനിരപ്പിലെ വര്‍ധനവും പരിഗണിച്ച് തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 28 ലെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. തമിഴ്‌നാട് സമര്‍പ്പിച്ച റൂള്‍ കര്‍വില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് അവകാശപ്പെടുന്നു. എന്നാല്‍ ജലനിരപ്പ് 140 അടിയില്‍ അധികം ആകരുതെന്നാണ് കേരളത്തിന്റെ ആവശ്യം.

ഇരു സംസ്ഥാനങ്ങളും തമ്മില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം പുതിയ അണക്കെട്ടാണെന്നും കേരളം കോടതിയെ അറിയിച്ചിട്ടുണ്ട്. മണ്‍സൂണ്‍ സീസണില്‍ ഒന്നോ രണ്ടോ ദിവസം ശക്തമായ മഴപെയ്താല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരും. 2018, 19 വര്‍ഷങ്ങളില്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഉണ്ടായ കനത്ത മഴയില്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വന്‍വര്‍ധനവാണ് ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനവും വെള്ളപ്പൊക്കവും അണക്കെട്ടിലെ ജലനിരപ്പില്‍ വ്യതിയാനം സൃഷ്ടിക്കുന്നു. അതിവേഗത്തില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പുറത്തേക്കു വിടാന്‍ സ്പില്‍വേകളുടെ വിസ്തൃതി അപര്യാപ്തമാണ്.

സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ വെള്ളം വഴിതിരിച്ചു വിടാനുള്ള ശേഷി ടണലുകള്‍ക്കില്ല. മണ്‍സൂണ്‍ സമയത്ത് പ്രവഹിക്കുന്ന വന്‍തോതിലുള്ള ജലം പിടിച്ചു നിര്‍ത്താന്‍ ഇടുക്കി അണക്കെട്ടിനും കഴിയില്ല. ദുരന്തങ്ങള്‍ എന്തെങ്കിലും സംഭവിച്ചാല്‍ അണക്കെട്ടിനു താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ ബലം ശക്തിപ്പെടുത്തലിലൂടെ കൂടില്ല. പരിപാലനവും ശക്തിപ്പെടുത്തലും നടത്തിയാലും അണക്കെട്ടിന്റെ നിലനില്‍പ്പിന് കാലപരിധിയുണ്ട്. ലോകത്തെല്ലായിടത്തും പല ഡാമുകളും പൊളിച്ചു നീക്കുകയോ ഡീകമ്മിഷന്‍ ചെയ്യുകയോ ചെയ്തിട്ടുണ്ട്.

ഡാമിന്റെ സുരക്ഷ പരിശോധിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകളും രൂപകല്‍പ്പനാ മാനദണ്ഡങ്ങളുമുണ്ട്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തി നിര്‍ത്തിയാല്‍ അമ്പത് ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്‍ദുരന്തമാകും നേരിടേണ്ടി വരികയെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത്.

eng­lish sum­ma­ry: Ker­ala rule curve should be recon­sid­ered in Mul­laperi­yar affidavit

you may also like this video

Exit mobile version