സാധാരണക്കാരോട് സയൻസ് പറയാനുള്ള കഴിവിൽ മാറ്റുരയ്ക്കാൻ ഗവേഷകർക്ക് വേദിയൊരുക്കുന്ന കേരളത്തിലെ ആദ്യത്തെ ‘കേരള സയൻസ് സ്ലാം 2024’ന്റെ വിളംബരം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്, മുരളി തുമ്മാരുകുടി തുടങ്ങി സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിലെ പ്രമുഖരടക്കം നിരവധിപേർ വിളംബരത്തിൽ പങ്കുചേർന്നു. സർവ്വകലാശാലകളുടെയും അക്കാദമികസ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലുമാണ് സയൻസ് സ്ലാം സംഘടിപ്പിക്കുന്നത്.
ശാസ്ത്രപുരോഗതി നേടിയ സമൂഹങ്ങളിൽ പുതിയ സയൻസ് കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും സാധാരണജനങ്ങളിലേക്ക് എത്തിക്കാനും അവ ലളിതവും സരസവും ആകർഷകവുമായി അവതരിപ്പിക്കാനുള്ള മികവ് ഗവേഷകരിലും ശാസ്ത്രജ്ഞരിലും ഗവേഷണവിദ്യാർത്ഥികളിലും വളർത്തിയെടുക്കാനുമുദ്ദേശിച്ച് സംഘടിപ്പിക്കാറുള്ള പരിപാടിയാണ് സയൻസ് സ്ലാം. താരതമ്യേന മെച്ചപ്പെട്ട ശാസ്ത്രബോധവും ഉയർന്ന വിദ്യാഭ്യാസവും സർവ്വകലാശാലകളടക്കം ധാരാളം അക്കാദമിക‑ഗവേഷണസ്ഥാപനങ്ങളും ശാസ്ത്രപണ്ഡിതരും ശക്തമായ ഒരു ജനകീയശാസ്ത്രപ്രസ്ഥാനവും ഒക്കെയുള്ള കേരളത്തിൽ പക്ഷെ, സയൻസ് സ്ലാമുകൾ ഇതുവരെ നടന്നിട്ടില്ല. ഇത്തരമൊരു സംസ്ക്കാരം വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേരള സയൻസ് സ്ലാം 2024.
ഇന്നു നാം ഏർപ്പെട്ടിരിക്കുന്ന വൈജ്ഞാനികസമൂഹസൃഷ്ടിയുടെ ആധാരശിലയാണു ശാസ്ത്രബോധമെന്നും അതിൽ അധിഷ്ഠിതമായ ഒരു നവകേരളം ഉയർന്നുവരാൻ സഹായിക്കുന്നതാണ് ഈ പ്രവർത്തനമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. ശാസ്ത്രം സരസമായും ലളിതമായും പറയാൻ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതും ഗവേഷകരിലും ശാസ്ത്രജ്ഞരിലും ശാസ്ത്രാദ്ധ്യാപകരിലുമൊക്കെ അത്തരം മികവു പരിപോഷിപ്പിക്കുന്നതും ഈ വേളയിൽ വളരെ പ്രധാനമാണെന്ന് തോമസ് ഐസക്കും അഭിപ്രായപ്പെട്ടു. ഗവേഷകർ സ്വന്തം ഗവേഷണവിഷയം പത്തുമിനുട്ടിൽ ഫലപ്രദമായി അവതരിപ്പിക്കുകയാണ് വേണ്ടത്. കേരള സയൻസ് സ്ലാം 2024‑ന്റെ വിശദവിവരങ്ങളും രജിസ്ട്രേഷനുള്ള സൗകര്യവും https: //scienceslam. in/ എന്ന വെബ്സൈറ്റിൽ ഉണ്ട്. പാലക്കാട് ഐഐടിയും കണ്ണൂർ സർവ്വകലാശാലയും കോഴിക്കോട് സർവ്വകലാശാലയിലെ എം എസ് സ്വാമിനാഥൻ ചെയറും കൊച്ചി ശാസ്ത്രസാങ്കേതികസർവ്വകലാശാലയിലെ ശാസ്ത്രസമൂഹകേന്ദ്രവും (C‑SiS — Science in Society), തിരുവനന്തപുരം ഗവ. വിമൻസ് കോളെജും ശാസ്ത്രവിദ്യാഭ്യാസസംരംഭമായ ക്യൂരിഫൈയും സയൻസ് സ്ലാമിൽ പങ്കുചേരുന്നു. രണ്ടു ഘട്ടങ്ങളിലായാണു മത്സരങ്ങൾ.
നാലു മേഖലകളായി തിരിച്ചു നടത്തുന്ന ആദ്യഘട്ടം സ്ലാമുകൾ നവംബർ ഒമ്പതിന് കൊച്ചി, 16‑നു കോഴിക്കോട്, 30‑ന് കണ്ണൂർ സർവ്വകലാശാലാ ആസ്ഥാനങ്ങളിലും 23‑നു തിരുവനന്തപുരം ഗവ. വിമൻസ് കോളജിലും നടക്കും. സമാപന സ്ലാം ഡിസംബർ 14 ന് പാലക്കാട് ഐഐടിയിലാണ്.
സയൻസ് ലളിതവും ആകർഷകവുമായി സാധാരണക്കാർക്കു പകർന്നുകൊടുക്കൽ പരിപോഷിപ്പിക്കാൻ ലോകവ്യാപകമായി നടത്തുന്ന ഒരു പരിപാടിയാണ് സയൻസ് സ്ലാം. സയൻസ് അറിയുന്നവരും അറിയാത്തവരുമായ പ്രേക്ഷകർക്കുമുന്നിൽ യുവശാസ്ത്രജ്ഞർ അവരുടെ ഗവേഷണപ്രോജക്ടുകൾ സാധാരണക്കാരുടെ ഭാഷയിൽ ലളിതമായ ചെറിയ സംഭാഷണത്തിലൂടെ 10 മിനിറ്റുകൊണ്ടു വിശദീകരിക്കുന്നു. അവതരണത്തിൽ പ്രേക്ഷകരെ പരമാവധി എൻഗേജ് ചെയ്യിക്കൽ പ്രധാനമാണ്. അവതരണത്തിൽ സദസിന്റെ ശ്രദ്ധ പിടിച്ചുനിർത്തുകയും അതിന് അനുസൃതമായ പ്രതികരണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് അവതരണം ഇൻഗേജിങ് ആകുന്നത്. അതിനനുസരിച്ച് പ്രേക്ഷകർക്ക് വോട്ടുചെയ്യാനാകും.