Site iconSite icon Janayugom Online

വിനോദസഞ്ചാരികളുടെ വരവില്‍ 2023 ല്‍ കേരളത്തിന് സര്‍വകാല റെക്കോഡ്

വിനോദസഞ്ചാരികളുടെ വരവില്‍ 2023 ല്‍ സര്‍വകാല റെക്കോഡിട്ട് കേരളം. മുന്‍വര്‍ഷങ്ങളില്‍ ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ച പ്രളയത്തിനും കോവിഡിനും ശേഷം ആഭ്യന്തര‑വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ സംസ്ഥാനം വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2023 ല്‍ 2.25 കോടി സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചത്. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ വലിയ വര്‍ധനവാണിത്.
2020 ലെ കോവിഡ് ലോക്ക് ഡൗണില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ 72.77 ശതമാനം ഇടിവാണുണ്ടായത്. എന്നാല്‍ 2021 ല്‍ സഞ്ചാരികളുടെ വരവ് 42.56 ശതമാനം വര്‍ധിച്ചു. 2021 നെ അപേക്ഷിച്ച് 2022 ല്‍ വിനോദസഞ്ചാരികളുടെ വരവ് ഇരട്ടിയിലധികമായി. 152 ശതമാനമായിരുന്നു 2022 ലെ വര്‍ധന. കഴിഞ്ഞ വര്‍ഷം 17.22 ശതമാനം വളര്‍ച്ചയാണ് നേടിയത്. 21,871,641 ആഭ്യന്തര വിനോദസഞ്ചാരികളും 649,057 വിദേശ സഞ്ചാരികളുമാണ് കഴിഞ്ഞ വര്‍ഷം കേരളം സന്ദര്‍ശിച്ചത്.
ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവില്‍ സര്‍വകാല റെക്കോഡാണ് സംസ്ഥാനം സ്വന്തമാക്കിയത്. 2021 മുതല്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് കാണിക്കാന്‍ കേരളത്തിന് സാധിച്ചു. 2021 ലെ 75,37,617 ആഭ്യന്തര വിനോദസഞ്ചാരികളില്‍ നിന്ന് 2023 ല്‍ 1,88,67,414 ആയി ഉയര്‍ന്നു. 2019 ല്‍ കോവിഡിന് മുമ്പുള്ള 1,83,84,233 എന്ന ഏറ്റവും ഉയര്‍ന്ന സന്ദര്‍ശകരുടെ റെക്കോഡിനേക്കാള്‍ കൂടുതലാണിത്.
കോവിഡ് വെല്ലുവിളിക്ക് ശേഷം കേരളത്തിലെ ടൂറിസം മേഖല അസാധാരണമായ തിരിച്ചുവരവാണ് നടത്തിയത്. ഈ കണക്കുകള്‍ സംസ്ഥാനത്ത് അഭിവൃദ്ധി പ്രാപിക്കുന്ന ടൂറിസം വ്യവസായത്തിന്റെ യഥാര്‍ഥ ചിത്രം പ്രതിഫലിപ്പിക്കുന്നു. നൂതന മാര്‍ക്കറ്റിങ് തന്ത്രങ്ങളും ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തവും ടൂറിസം മേഖലയുടെ ശക്തമായ വളര്‍ച്ചയ്ക്ക് കാരണമായി.

Eng­lish sum­ma­ry; Ker­ala sets all-time record in tourist arrivals in 2023
you may also like this video;

Exit mobile version