Site iconSite icon Janayugom Online

കേരളത്തിന് സമനില

സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സമനിലക്കുരുക്ക്. റെയിൽവേസിനെതിരായ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോല്പിച്ച കേരളത്തിന് രണ്ടാം മത്സരത്തിലെ ഈ സമനില പോയിന്റ് പട്ടികയിൽ തിരിച്ചടിയായി. തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളം റെയിൽവേസ് പ്രതിരോധത്തെ നിരന്തരം സമ്മർദത്തിലാക്കി. അതിന്റെ ഫലമെന്നോണം 37–ാം മിനിറ്റിൽ കേരളം മുന്നിലെത്തി. വലതുവിങ്ങിൽ നിന്നുള്ള ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടെ റെയിൽവേസ് പ്രതിരോധ താരത്തിന്റെ കാൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു. ഇതോടെ ആദ്യ പകുതിയിൽ കേരളം 1–0 ന് മുന്നിലായി.

രണ്ടാം പകുതിയിൽ കളി മാറ്റിപ്പിടിച്ച റെയിൽവേസ് കേരളത്തിന്റെ ഗോൾമുഖത്തേക്ക് നിരന്തരം ഇരച്ചെത്തി. പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ച കേരളത്തിന് മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പിഴച്ചു. 80–ാം മിനിറ്റിൽ ലഭിച്ച അവസരം മുതലെടുത്ത് റെയിൽവേസ് സമനില പിടിച്ചു. മലപ്പുറം സ്വദേശിയായ പി കെ ഫസീൻ ഉജ്വലമായ ഹെഡറിലൂടെയാണ് റെയിൽവേസിനായി ലക്ഷ്യം കണ്ടത്.
സമനില ഗോൾ വീണതോടെ വിജയം തിരിച്ചുപിടിക്കാൻ കേരളം കിണഞ്ഞു ശ്രമിച്ചെങ്കിലും റെയിൽവേസ് പ്രതിരോധം വിള്ളലില്ലാതെ കാത്തു. ഒടുവിൽ വിസിൽ മുഴങ്ങുമ്പോൾ പോയിന്റ് പങ്കുവച്ച് ഇരുടീമുകളും മടങ്ങി. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് കേരളത്തിനുള്ളത്. ഗ്രൂപ്പിലെ അടുത്ത മത്സരങ്ങളിൽ സർവീസസ്, ഒഡിഷ, മേഘാലയ എന്നിവർക്കെതിരെ മികച്ച വിജയം നേടിയാൽ മാത്രമേ കേരളത്തിന് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാനാകൂ.

Exit mobile version