മുസ്ലിം സമുദായത്തിന് എതിരെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ‘ദ കേരള സ്റ്റോറി‘യുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിര്‍ത്തിവച്ചു. തമിഴ്‌നാട്ടിലെ മൾട്ടിപ്ലക്സ് തിയേറ്ററുകളാണ് ‘ദി കേരള സ്റ്റോറി‘യുടെ പ്രദർശനം ഇന്ന് മുതൽ നിർത്തിവച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിനെതിരെ തമിഴ്‌നാട്ടിലെ നാം തമിഴർ പാർട്ടി (എൻടികെ) ശനിയാഴ്ച ചെന്നൈയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പാർട്ടി നേതാവും നടനും സംവിധായകനുമായ സീമാന്റെ നേതൃത്വത്തിലാണ് ചെന്നൈ സ്കൈവാക്ക് മാളിന് സമീപം അണ്ണാനഗറില്‍ പ്രതിഷേധം നടത്തിയത്. സീമാന്റെ ആഹ്വാനത്തെ തുടർന്ന് കേരള സ്റ്റോറിയുടെ പ്രദർശനത്തിനെതിരെ എൻടികെ പ്രവർത്തകർ തിയേറ്ററിനുള്ളിൽ പ്രതിഷേധിക്കുകയും ചെയ്തു. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
‘ദ കേരള സ്റ്റോറി’ മുസ്ലീം സമുദായത്തിന് എതിരാണെന്നും തമിഴ്‌നാട്, പുതുച്ചേരി സർക്കാരുകൾ അതിന്റെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സീമാൻ പ്രതിഷേധം പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികൾ കാണാതാകുകയും പിന്നീട് ഭീകര സംഘടനയായ ഐഎസിൽ ചേര്‍ന്നതായി ‘ദ കേരള സ്റ്റോറി‘യുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
കേരളത്തില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ പുറത്തുകൊണ്ടുവരുന്ന ചിത്രമാണ് ‘ദ കേരള സ്റ്റോറി’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രചരിപ്പിച്ചിരുന്നു. ഇത് ഏറ്റുപിടിച്ച് മധ്യപ്രദേശില്‍ ‘ദ കേരള സ്റ്റോറി’ സിനിമയുടെ നികുതി ഒഴിവാക്കിയതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു. ആര്‍എസ്എസ്-ബിജെപി കേന്ദ്രങ്ങളാകെയും സിനിമയ്ക്ക് പിന്തുണയുമായും രംഗത്തെത്തി. ഇതോടെ ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് സിനിമയെന്ന വിലയിരുത്തല്‍ ശക്തിപ്പെട്ടു.
English Sammury: Nam Tamil Party (NTK) protest, Kerala Story has been suspended in Tamil Nadu