Site iconSite icon Janayugom Online

ആദ്യ പ്രദര്‍ശനം കഴിഞ്ഞ് ആളുകളിറങ്ങി ; ഇത് കേരള സ്റ്റോറിയേ അല്ലെന്ന് പ്രതികരണം

കേരള സ്റ്റോറി സിനിമയുടെ ആദ്യ പ്രദര്‍ശനം കഴിഞ്ഞു. ഇത് വെറും പ്രൊപ്പഗന്റ മാത്രമാണെന്നും കേരളത്തിലെ സ്റ്റോറിയല്ലെന്നും സിനിമ കണ്ടവര്‍ ഒന്നടങ്കം പറയുന്നു. കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിച്ചുവെന്നും സിനിമ കണ്ടിറങ്ങിയവര്‍ ദൃശ്യമാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

തട്ടമിട്ട ഒരു ആളെ കാണുമ്പോള്‍ കേരളത്തിലെ ഏത് ജില്ലയില്‍ നിന്നാണ് എന്ന് പറയാം എന്ന രീതിയില്‍ സിനിമയില്‍ പറയുന്നു. കേരളത്തില്‍ ലൗജിഹാദ് നടക്കുന്നു എന്നും വ്യാപകമായ രീതിയില്‍ ഐഎസിലേക്ക് സ്ത്രീകള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതായും സിനിമയില്‍ പറയുന്നുവെന്നും കണ്ടവര്‍ പ്രതികരിച്ചു. സിനിമയിലൂടെയുള്ള കള്ളക്കഥകൊണ്ട് കേരളത്തില്‍ ആര്‍എസ്എസ് അജണ്ട വിലപോകില്ലെന്നാണ് ചെറുപ്പക്കാര്‍ പ്രതികരിക്കുന്നത്.

തിരുവനന്തപുരം-ഏരീസ് പ്ലക്‌സ്, പിവിആര്‍ ലുലു, പുനലൂര്‍-ദേവ, കൊച്ചി-പിവിആര്‍ ലുലു, സിനിപോള്‍, ഷേണായീസ്, തൃശൂര്‍-ഇനോക്‌സ്, ജാസ്, പെരുമ്പാവൂര്‍-ഇവിഎം, ആലുവ‑മാതാ, ഇരിഞ്ഞാലക്കുട‑ചെമ്പകശേരിയില്‍, പാലക്കാട്-അരോമ, കോഴിക്കോട്-ക്രൗണ്‍, സിനിപോള്‍ റീഗല്‍ (ഈസ്റ്റ്ഹില്‍), മഞ്ചേരി-ലാഡര്‍, പെരിന്തല്‍മണ്ണ‑വിസ്മയ, വളാഞ്ചേരി-പോപ്പുലര്‍, കാസര്‍കോട്-സിനികൃഷ്ണ, കാഞ്ഞങ്ങാട്-ദീപ്തി, വടകര‑കീര്‍ത്തി എന്നിവിടങ്ങളിലാണ് പ്രദര്‍ശനം. ഇവിടങ്ങളിലെല്ലാം പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം അനുസരിച്ച്  ഏഴ് ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന് പറയുന്ന ഭാഗത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം, അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖം എന്നിവയാണ് ഒഴിവാക്കിയത്.

അതിനിടെ സിനിമയുടെ പ്രദര്‍ശനാനുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സോഷ്യല്‍ മീഡിയയില്‍ നിന്ന് ടീസര്‍ പിന്‍വലിക്കാമെന്ന് നിര്‍മ്മാതാവ് കോടതിയെ അറിയിക്കുകയും ചെയ്തു. സിനിമ വെറും സാങ്കല്പികം മാത്രമാണെന്ന് കോടതി വ്യക്തമാക്കി. 32,000 ഹിന്ദു ഇതര പെണ്‍കുട്ടികളെ മതംമാറ്റി ഐഎസ്ഐഎസിലേക്ക് കൊണ്ടുപോയി എന്നതാണ് സിനിമ എന്നായിരുന്നു ഹര്‍ജിയിലെ വാദം. ടീസറായിരുന്നു സിനിമ വിവാദമാകാന്‍ കാരണം. അതുകൊണ്ട് ടീസര്‍ പിന്‍വലിക്കാന്‍ കോടതി ആവശ്യപ്പെട്ടു. അത് നേരിട്ട് ഹാജരായ നിര്‍മ്മാതാക്കള്‍ പാലിക്കാമെന്ന് കോടതിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.

Eng­lish Sum­ma­ry: Ker­ala Sto­ry Review

You may also like this video

Exit mobile version