Site iconSite icon Janayugom Online

ഇന്ത്യയിലെ വ്യവസായ സൗഹൃദ സൂചികയില്‍ കേരളം മുന്നോട്ട്

KeralaKerala

ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയില്‍ ഒരു വർഷംകൊണ്ട് വന്‍നേട്ടം കുറിച്ച് കേരളം. പുതിയ റാങ്ക് പട്ടികയില്‍ 75.49 ശതമാനം സ്കോര്‍ നേടി കേരളം 28ൽ നിന്നും 15ലെത്തി. ഇത് കേരളത്തിന്റെ ഏറ്റവും ഉയർന്ന റാങ്കാണ്. കേരളത്തിന്റെ വ്യവസായ കുതിപ്പിന് ഈ പുതിയ റാങ്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ആണ് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള എളുപ്പത്തിന്റെ അടിസ്ഥാനത്തിൽ സംരംഭകരുടെ അഭിപ്രായം ശേഖരിച്ച് റാങ്ക് നിശ്ചയിക്കുന്നത്.
അന്തിമ സ്കോറുകളും ഉപയോക്തൃ അഭിപ്രായ സർവേയും അടിസ്ഥാനമാക്കി ടോപ്പ് അച്ചീവേഴ്സ്, അച്ചീവേഴ്സ്, അസ്പയറർ, എമർജിങ് ബിസിനസ് ഇക്കോസിസ്റ്റംസ് എന്നിങ്ങനെ നാലായാണ് സൂചികയില്‍ സംസ്ഥാനങ്ങളെ തരംതിരിച്ചിട്ടുള്ളത്. അതില്‍ ‘അസ്പയറർ’ വിഭാഗത്തിൽ ഉൾപ്പെടാന്‍ കേരളത്തിന് സാധിച്ചു. വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതികൾ നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ ഭേദഗതികൾ വരുത്തിയതും നയപരമായ തീരുമാനങ്ങൾ എടുത്തു നടപ്പാക്കിയതും ഈ കുതിച്ചുചാട്ടത്തിന് സഹായിച്ചിട്ടുണ്ട്.
സുസ്ഥിര വികസനത്തോടെയുള്ള നിക്ഷേപത്തില്‍ ഊന്നൽ നൽകുന്ന സമഗ്രമായ സമീപനം ദ്രുതഗതിയിലുള്ള നേട്ടത്തിലേക്ക് കേരളത്തെ നയിക്കുകയാണ്. അടുത്ത വർഷത്തോടെ ആദ്യ പത്തിനുള്ളിൽ എത്തുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Ker­ala tops Indi­a’s busi­ness-friend­li­ness index

You may like this video also

Exit mobile version