Site iconSite icon Janayugom Online

കേരള സര്‍വകലാശാലയില്‍ വിസി ഒപ്പിടാനുണ്ട് 2500 ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍

കേരള സർവകലാശാലയില്‍ വൈസ് ചാൻസലറുടെ ഒപ്പ് കാത്തുകിടക്കുന്നത് 2500 ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍. ഇതുകൂടാതെ പല സെക്ഷനുകളിലായി നിരവധി ഫയലുകളും കെട്ടിക്കിടക്കുകയാണ്. രജിസ്ട്രാര്‍ക്കെതിരെയുള്ള നിയമവിരുദ്ധ നടപടികളെത്തുടര്‍ന്നാണ് സര്‍വകലാശാലയില്‍ അനിശ്ചിതാവസ്ഥ ഉടലെടുത്തത്. രാജ്ഭവന്റെ പിന്തുണയില്‍, കോടതിയെ പോലും അവഗണിച്ചാണ് വിസിയുടെ നടപടികളുണ്ടാകുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടാൻ വിസി ഡോ. മോഹനൻ കുന്നുമ്മല്‍ ഇന്നലെ സര്‍വകലാശാലയില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിദേശത്ത് നിന്ന് വിസി മടങ്ങിയെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു. വിസിയുടെ അഭാവത്തില്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളും പൊതുവേ മന്ദഗതിയിലായിട്ടുണ്ട്. 

വിദ്യാര്‍ത്ഥികളുടെ കോളജ് മാറ്റം, അക്കാദമിക കോഴ്സുകളുടെ അംഗീകാരം, അധ്യാപകരുടെ കരിയര്‍ അഡ്വാൻസ്‍മെന്റ് സ്കീം (സിഎഎസ്) പ്രൊമോഷൻ എന്നിങ്ങനെ നിരവധി ഫയലുകൾ കെട്ടിക്കിടക്കുന്നവയുടെ ഗണത്തിലുണ്ട്. സർവകലാശാലയ്ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്ലാൻ ഫണ്ട് ലഭിക്കുന്നതിനുള്ള ശുപാര്‍ശ, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സര്‍വകലാശാലയ്ക്ക് ലഭിക്കേണ്ട പിഎം ഉഷ ഫണ്ട് എന്നിവയ്ക്കുള്ള അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ ഈ ശുപാര്‍ശകള്‍ വിസിയാണ് സംസ്ഥാന സര്‍ക്കാരിനും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും (യുജിസി) അയയ്ക്കേണ്ടത്. വിസിയുടെ അഭാവത്തില്‍ ചില ഫയലുകള്‍ രജിസ്ട്രാറായിരുന്ന കെ എസ് അനില്‍കുമാര്‍ നോക്കിയിരുന്നു. എന്നാല്‍ ഈ ഫയലുകള്‍ വിസി തിരിച്ചയച്ചു. 

സിൻഡിക്കേറ്റിന്റെ അജണ്ടയായി പരിഗണിക്കേണ്ട ഫയലുകള്‍ വിസി പരിശോധിച്ച ശേഷമാണ് നല്‍കേണ്ടത്. വിസി പരിശോധിക്കാത്തതിനാല്‍ തന്നെ ഫയലുകളില്‍ മറുപടി നല്‍കാനാകുന്നില്ല. സാധാരണ ഇത്തരം ഫയലുകള്‍ സിൻഡിക്കേറ്റിന് വിടുകയോ അല്ലെങ്കില്‍ വ്യക്തതയ്ക്കായി തിരിച്ചയയ്ക്കുകയോ ആണ് ചെയ്യുക. കോളജുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ട ഫയലുകളും കെട്ടിക്കിടക്കുകയാണ്. എൻഎസ്എസ്, എസ്എൻ അടക്കമുള്ള ട്രസ്റ്റുകളിലെ കോളജുകളിലടക്കം അധ്യാപക നിയമനത്തിനായി സര്‍വകലാശാലയുടെ നോമിനിയെയും വിദഗ്ധനെയും തെരഞ്ഞെടുത്ത് അയയ്ക്കേണ്ട ഫയലും മുടങ്ങിക്കിടക്കുകയാണ്. ഈ ഫയലുകള്‍ രജിസ്ട്രാറുമായി തര്‍ക്കം ഉണ്ടാകുന്നതിന് മുമ്പ് വിസിക്ക് മുമ്പിലെത്തിയവയാണ്. 

Exit mobile version