Site iconSite icon Janayugom Online

കേരള സര്‍വകലാശാല രജിസ്ട്രാറുടെ ഹര്‍ജി തള്ളി: സിന്‍ഡിക്കേറ്റ് യോഗം വിളിക്കണമെന്ന്

കേരള സര്‍വകലാശാല രജിസ്ടാറുടെ സസ്പെന്‍ഷനില്‍ രജിസ്ട്രാര്‍ അനില്‍കുമാറിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. രജിസ്ട്രാറുടെ സസ്പെന്‍ഷനില്‍ വീണ്ടും സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സസ്പെൻഷൻ നിലനിൽക്കുമോയെന്ന് തീരുമാനിക്കാൻ സിൻഡിക്കേറ്റിനെ ചുമതലപ്പെടുത്തി. കെ എസ് അനില്‍കുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തന്നെ നിയമിച്ചത് സിൻഡിക്കേറ്റാണ്. വി സി ആണ് തന്നെ പിരിച്ചുവിട്ടത്. നിയമവിരുദ്ധമാണ് തന്റെ സസ്പെൻഷനെന്നും നിയമന അധികാരമുള്ള സിൻഡിക്കേറ്റ് തന്റെ സസ്പെൻഷൻ റദ്ദാക്കിയിരുന്നു. തന്റെ നിയമന അതോറിറ്റി സിൻഡിക്കേറ്റാണ് തുടങ്ങിയ വാദങ്ങളാണ് അനിൽകുമാർ ഹൈക്കോടതിയിൽ ഉന്നയിച്ചത്.

എന്നാൽ ഇത് തള്ളുകയായിരുന്നു കോടതി. സസ്പെൻഷൻ നടപടി തുടരണമോയെന്ന് സിൻഡിക്കേറ്റിന് തീരുമാനിക്കാമെന്നാണ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിലാണ് രജിസ്ട്രാര്‍ ഡോ കെ എസ്. അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവു കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെന്‍ഡു ചെയ്യുകയായിരുന്നു. തുടർന്നാണ് അനില്‍കുമാർ ഹൈക്കോടതിയെ സമീപിക്കുന്നത്. സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അടിയന്തര സ്റ്റേ അനുവദിച്ചിരുന്നില്ല.

Exit mobile version