Site iconSite icon Janayugom Online

താല്‍ക്കാലിക അധ്യാപക നിയമന നടപടി നിയമപരമെന്ന് കേരള സര്‍വകലാശാല

കേരള സര്‍വകലാശാലയിലെ താല്‍ക്കാലിക അധ്യാപക നിയമന പ്രക്രിയയില്‍ പുതിയ നടപടികളൊന്നും കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നും കേരള സര്‍വകലാശാല സ്റ്റാറ്റ്യൂട്ട്‌ 1977 പ്രകാരം നിലവില്‍ നടന്നുവരുന്ന നടപടിക്രമങ്ങള്‍ പാലിക്കുക മാത്രമാണ്‌ ഇത്തവണയും ചെയ്‌തിട്ടുള്ളതെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യുജിസിയുടെ നടപടിക്രമങ്ങള്‍ പാലിച്ചുതന്നെയാണ്‌ സര്‍വകലാശാലയിലെ സ്ഥിര നിയമനങ്ങള്‍ നടന്നിട്ടുള്ളത്‌. സര്‍വകലാശാലയിലെ സ്ഥിര നി­യമനവുമായി ബ­ന്ധപ്പെട്ട കേസ്‌ സുപ്രീം കോടതിയുടെ പരിഗണനയിലാണിപ്പോള്‍.

നാല്‌ വര്‍ഷ ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട്‌ കടുത്ത അധ്യാപകക്ഷാമം നേരിടുന്ന സാഹചര്യത്തില്‍, പതിനൊന്ന്‌ വിഷയങ്ങളിലായി യുജിസി യോഗ്യതയുള്ള 12 അധ്യാപകരെ താല്‍ക്കാലികമായി നിയമിക്കാന്‍ സിന്‍ഡിക്കേറ്റ്‌ അനുമതി നല്‍കിയത്‌. പതിനൊന്ന്‌ മാസത്തേക്ക്‌ മാത്രം ബോണ്ട്‌ വാങ്ങിയാണ്‌ പ്രസ്‌തുത നിയമനം നടത്തുന്നത്‌. അത്‌ യുജിസി നിര്‍ദേശിച്ചിട്ടുള്ള കോണ്‍ട്രാക്ട്‌ നിയമന വ്യവസ്ഥയിലുള്ളതല്ല. വേതനവ്യവസ്ഥകളും യുജിസിയുടേതല്ല. നിശ്ചിത തുക പ്രതിഫലം നിശ്ചയിച്ച്‌ മാത്രമാണ്‌ ഈ താല്‍ക്കാലിക നിയമനം. യുജിസി വ്യവസ്ഥകള്‍ പാലിച്ചുള്ള സ്ഥിരനിയമനം ഉണ്ടാകുമ്പോള്‍ ഇത്തരം താല്‍ക്കാലിക നിയമനക്കാര്‍ക്ക്‌ തുടരാനാകില്ല. പരിശോധനാ സമിതിയില്‍ സ്റ്റാഫ്‌ കമ്മിറ്റി കണ്‍വീനറെ ചെയര്‍മാനാക്കിയെന്നത്‌ തികച്ചും തെറ്റാ­യ വാര്‍ത്തയാണ്. സമിതിയില്‍ സര്‍വകലാശാല രജിസ്‌ട്രാറും പഠന വകുപ്പ്‌ മേധാവിയും വിഷയവിദഗ്‌ധരും ഉണ്ടെന്നതും മറച്ചുവച്ചുള്ള പ്രചാരണം നീതിയല്ലെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടി.

Exit mobile version