Site iconSite icon Janayugom Online

24,000 കോടിയുടെ പ്രത്യേക പാക്കേജ്‌ വേണമെന്ന്‌ കേരളം

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് 24,000 കോടിരൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും വയനാട്‌ പുനരധിവാസത്തിന്‌ 2000 കോടി രൂപയുടെ പ്രത്യേക സഹായവും പ്രഖ്യാപിക്കണമെന്ന്‌ കേരളം. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്രബജറ്റിന്‌ മുന്നോടിയായി വിളിച്ചുചേർത്ത ധനമന്ത്രിമാരുടെ യോഗത്തിൽ കെ എൻ ബാലഗോപാലാണ്‌ ആവശ്യം ഉന്നയിച്ചത്‌. 

സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധി 3.5 ശതമാനമാക്കി ഉയർത്തണം, വിഴിഞ്ഞം തുറമുഖത്തിന്റെ തുടർവികസനത്തിന്‌ 5000 കോടി, ജിഎസ്‌ടി നഷ്ടപരിഹാരം തുടരണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ റവന്യുച്ചെലവിന്റെ 64 ശതമാനവും സ്വന്തം വരുമാനത്തിൽ നിന്ന്‌ കണ്ടെത്തേണ്ട സ്ഥിതിയാണെന്ന്‌ ബാലഗോപാൽ ചൂണ്ടിക്കാട്ടി. സാമ്പത്തിക ബുദ്ധിമുട്ട്‌ പരിഹരിക്കാൻ രണ്ട്‌ വർഷത്തിനുള്ളിൽ ലഭ്യമാകുന്നതാവണം പാക്കേജെന്നും അദ്ദേഹം പറഞ്ഞു. 

വയനാട്‌ ദുരന്ത ബാധിതർക്കായി ടൗൺഷിപ്പടക്കം നിർമ്മിക്കാൻ 2000 കോടിയെങ്കിലും ലഭിക്കണം. റെയിൽപാത, വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്‌റ്റർ തുടങ്ങിയ പദ്ധതികളിലൂടെ മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണപ്രയോജനം ലഭിക്കൂ. കടമെടുപ്പ്‌ പരിധി ഉപാധിരഹിതമായി 3.5 ശതമാനമാക്കണം. ഊർജമേഖലയിലെ അരശതമാനം അധിക വായ്‌പാനുമതി അടുത്ത സാമ്പത്തിക വർഷവും തുടരണം. കേന്ദ്രപദ്ധതികളുടെ സംസ്ഥാന വിഹിതം ഉറപ്പാക്കുന്നതിനുള്ള വായ്‌പയെ കടമടുപ്പ്‌ പരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്നും കേരളം ആവശ്യമുന്നയിച്ചു. 

ദേശീയപാത ഭൂമിയേറ്റടുക്കലിനായി കിഫ്‌ബി എടുത്ത വായ്‌പയും വായ്‌പാപരിധിയിൽ വെട്ടിക്കുറച്ചു. ഇത്‌ പരിഹരിക്കാൻ 6,000 കോടിയുടെ അധികവായ്‌പ എടുക്കേണ്ടതുണ്ട്‌. റബ്ബറിന്‌ താങ്ങുവില ഉറപ്പാക്കാൻ 1000 കോടിയുടെ വില സ്ഥിരതാ ഫണ്ട്‌, തോട്ടം നവീകരണത്തിനും വിളകളുടെ വില സ്ഥിരത ഉറപ്പാക്കാനും കയറ്റുമതി വികസിപ്പിക്കുന്നതിനും പ്രത്യേക പക്കേജ്‌ എന്നിവയും ആവശ്യപ്പെട്ടു. നെല്ല്‌ സംഭരണവുമായി ബന്ധപ്പെട്ട സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 2000 കോടി, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന്‌ 2117 കോടി രൂപയുടെ പദ്ധതിക്കുള്ള അംഗീകാരം, തീരദേശ ശോഷണം തടയാനുള്ള 11,650 കോടിയുടെ പദ്ധതിയിലേയ്‌ക്ക്‌ ബജറ്റിൽ 2329 കോടി നീക്കിവെയ്‌ക്കണം, പുനർഗേഹം പദ്ധതിക്കായി 186 കോടി തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിന്‌ 500 കോടിയും തിരുവനന്തപുരം ആർസിസിക്ക്‌ 1293 കോടിയും, വന്യജീവി-മനുഷ്യ സംഘർഷം കുറയ്‌ക്കാനുള്ള പദ്ധതിക്ക്‌ 1000 കോടിയും ആവശ്യപ്പെട്ടു. എയിംസ്‌, സിൽവർലൈൻ പദ്ധതി, റാപ്പിഡ്‌ ട്രാൻസിറ്റ്‌ പദ്ധതികൾ, അങ്കമാലി-ശബരി, നിലമ്പൂർ‑നഞ്ചൻകോട്‌, തലശേരി-മൈസുരു റെയിൽപാതകൾ ബജറ്റിൽ പരിഗണിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Exit mobile version