Site iconSite icon Janayugom Online

മൂന്ന് വർഷംകൊണ്ട് കേരളത്തെ ദരിദ്രരില്ലാത്ത സംസ്ഥാനമാക്കും: മുഖ്യമന്ത്രി

ഹ്രസ്വകാല, ദീർഘകാല പദ്ധതികളിലൂടെ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ അതിദരിദ്രരെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാൻ രൂപീകരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂർത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഏറെ വേഗത്തിൽ നടപ്പാക്കേണ്ട ഒന്നായിരുന്നു കൈവശാവകാശ രേഖകൾ ലഭ്യമാക്കൽ. ഇതിന്റെ ഭാഗമായി അവകാശം അതിവേഗം എന്ന പേരിൽ ഓരോ കുടുംബത്തിനും അർഹമായ അവകാശ രേഖകൾ ലഭ്യമാക്കുന്നതിന് നടപടിയെടുത്തു. 2,553 കുടുംബങ്ങൾക്ക് ഇതുവഴി റേഷൻ കാർഡും 3,125 പേർക്ക് ആധാർ കാർഡും 3,174 പേർക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ലഭ്യമാക്കി. അതിദരിദ്രരിൽപ്പെട്ട 887 പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ചു. 1,281 പേർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡും 777 പേർക്ക് ബാങ്ക് അക്കൗണ്ടും 1,174 പേർക്ക് തൊഴിലുറപ്പ് തൊഴിൽ കാർഡും ലഭ്യമാക്കി. മൂന്ന് പേർക്ക് ട്രാൻസ്ജൻഡർ തിരിച്ചറിയൽ കാർഡ് നൽകി. 198 പേർക്ക് പാചകവാതക കണക്ഷനും 118 പേർക്ക് വൈദ്യുതി കണക്ഷനും 45 പേർക്ക് പ്രോപ്പർട്ടി സർട്ടിഫിക്കറ്റും നൽകി. 193 പേർക്ക് ഭിന്നശേഷി തിരിച്ചറിയൽ കാർഡുകൾ നൽകി. 391 പേരെ കുടുംബശ്രീയുടെ ഭാഗമാക്കി. 

വീട് ലഭിക്കാൻ അർഹതയുണ്ടായിട്ടും ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന, വീട് മാത്രം ആവശ്യമുള്ള 5,724 കുടുംബങ്ങളെയും വസ്തുവും വീടും ആവശ്യമുള്ള 5,616 കുടുംബങ്ങളെയും ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 11,340 അതിദരിദ്ര കുടുംബങ്ങൾക്കാണ് പുതുതായി വീട് നൽകുന്നതിനുള്ള നടപടി സ്വീകരിച്ചത്.
2020 ലെ ലൈഫ് പട്ടികയിൽ വീട് മാത്രം ആവശ്യമുള്ള 2,672 അതിദരിദ്രരും വസ്തുവും വീടും ആവശ്യമുള്ള 1,482 അതിദരിദ്രരും ഉൾപ്പെട്ടിരുന്നു. ഭക്ഷണം ആവശ്യമുള്ളവരും എന്നാൽ പാചകം ചെയ്തു കഴിക്കാൻ സാഹചര്യമില്ലാത്തവരുമായ അതിദരിദ്ര കുടുംബങ്ങൾക്ക് പാചകം ചെയ്ത ഭക്ഷണവും അല്ലാത്തവർക്ക് ഭക്ഷ്യ കിറ്റും നൽകുന്നുണ്ട്. ജനകീയ ഹോട്ടൽ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ സംയോജിപ്പിച്ചാണ് ഭക്ഷണ വിതരണം നടപ്പാക്കുന്നത്.
ഈ പദ്ധതിയുടെ 60 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു. അടുത്ത വർഷം ഈ സമയമാകുമ്പോൾ അതിദരിദ്രരായ ഒരാൾ പോലും കേരളത്തിലുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. അതിദരിദ്രർക്കുള്ള റേഷൻകാർഡ് വിതരണം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മന്ത്രി വീണാ ജോർജ് അതിദരിദ്രർക്കുള്ള ആരോഗ്യ ഉപകരണ വിതരണം നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അതിദരിദ്രർക്കുള്ള ഉപജീവനോപാധി വിതരണം നിർവഹിച്ചു.
ആന്റോ ആന്റണി എംപി, എംഎൽഎമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ‌്കുമാർ, അഡ്വ. പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർമാലിക്, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Eng­lish Sum­ma­ry: Ker­ala will become a pover­ty-free state in three years: Chief Minister

You may also like this video

Exit mobile version