Site iconSite icon Janayugom Online

മുട്ട ഉല്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടും: മന്ത്രി ചിഞ്ചു റാണി

മുട്ട ഉല്പാദനത്തില്‍ കേരളം സ്വയം പര്യാപ്തത നേടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. സര്‍ക്കാറിന്റെ ധനസഹായത്തോടെ പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന കൂടും കോഴിയും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

ബ്ലോക്ക് പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണിത്. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലായി നടത്തുന്ന ഈ പദ്ധതിയില്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് പറക്കോട് ബ്ലോക്കിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബ്ലോക്കിലെ ഏഴു പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 

ലയബിലിറ്റി ഗ്രൂപ്പിലെ അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും മുട്ടയിടാന്‍ പ്രായമായ 100 കോഴിയെയും കൂടും നല്‍കും. ഓരോ ഗുണഭോക്താവിനും 90,000 രൂപയുടെ ആനുകൂല്യം ലഭിക്കും. ഗുണഭോക്തൃ വിഹിതമായി 5000 രൂപ വീതം അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു.
മുട്ടയുടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികളാണ് നടത്തി വരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ വനിതാമിത്രം, കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്, നഗരപ്രിയ എന്നീ പദ്ധതികളിലൂടെ മുട്ട ഉല്പാദനം വര്‍ധിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. 

ബിവി 3–80 എന്ന ഇനത്തിലുള്ള കോഴികളെയാണ് കൂടും കോഴിയും പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഒരു വര്‍ഷം 300 മുട്ട വരെ ഇടുന്ന കോഴികളാണ് ഇത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കോന്നി എംഎല്‍എ കെ യു ജനീഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി മണിയമ്മ എന്നിവര്‍ പങ്കെടുത്തു.

ENGLISH SUMMARY:Kerala will become self-suf­fi­cient in egg pro­duc­tion: Min­is­ter Chinchu Rani
You may also like this video

Exit mobile version