Site iconSite icon Janayugom Online

മുഖ്യമന്ത്രിയെയും കുടുംബത്തെയും മാനഹാനിപ്പെടുത്താനുള്ള ആര്‍എസ്എസ് പദ്ധതിയില്‍ നിന്ന് യുഡിഎഫും മാധ്യമങ്ങളും മാറിനിന്നില്ലെങ്കില്‍ കേരളം മാപ്പുനല്‍കില്ല: എം എ ബേബി

കേരള രാഷ്ട്രീയം ഇന്ന് കടന്നുപോകുന്നത് ഒരു പ്രഹസനത്തിലൂടെയാണെന്ന് മുന്‍മന്ത്രിയും സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവുമായ എം എ ബേബി. സ്വപ്നയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് അസംബന്ധം എന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകുന്നവയാണെന്ന് എംഎ. ബേബി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎ. ബേബിയുടെ പ്രതികരണം.പ്രഹസനത്തിന്റെ ആദ്യമുഖം കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളിലാണ് അരങ്ങേറുന്നത്. സ്‌തോഭജനകമായ വെളിപ്പെടുത്തല്‍ എന്ന മട്ടില്‍ ഈ മാധ്യമങ്ങള്‍ ഒരാഴ്ചയിലേറെക്കാലമായി സ്വപ്നയുടെ വെളിപ്പെടുത്തല്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ച ഒരു മാന്യവനിത പറയുന്നവാക്കുകള്‍ മാധ്യമങ്ങള്‍ വേദവാക്യം പോലെ സ്വീകരിക്കുന്നു.ഈ പ്രതിക്ക് കേന്ദ്ര ഏജന്‍സികളുടെ താളത്തിനുതുള്ളേണ്ട കാരണമുണ്ടോ എന്ന് നോക്കേണ്ട പത്രധര്‍മം തങ്ങള്‍ക്ക് ബാധകമല്ല എന്നാണോ മലയാളത്തിലെ പുതുതലമുറ പത്രപ്രവര്‍ത്തകര്‍ പഠിച്ചിരിക്കുന്നതെന്ന് എം.എ. ബേബി ചോദിച്ചു.മാധ്യമ വെളിപ്പെടുത്തലുകളെ ഏറ്റുപിടിച്ച്, അത്യന്തം അക്രമാസക്തമായ സമരപ്പേക്കൂത്തുകള്‍ കോണ്‍ഗ്രസും ബിജെപിയും മുസ്‌ലിം ലീഗും മറ്റും ചേര്‍ന്ന് തുടര്‍ച്ചയായി നടത്തുന്നതാണ് ഈ പ്രഹസനത്തിന്റെ രണ്ടാം രംഗം. കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി നേതാക്കള്‍ ഇതിനായി ഒരു അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. പക്ഷേ, അവര്‍ മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്.

ഈ പ്രതി ഇപ്പോള്‍ 164ാം വകുപ്പ് പ്രകാരം നല്‍കിയ സത്യവാങ്മൂലത്തിലെ പ്രധാനപ്പെട്ട എല്ലാ ആരോപണങ്ങളും വളരെ മുന്നേതന്നെ കേന്ദ്ര അന്വേഷണസംഘങ്ങള്‍ക്കുമുന്നില്‍ പറഞ്ഞതാണ്. അവര്‍ അവ അന്വേഷിച്ച് ഒരു തെളിവും തുമ്പുമില്ലെന്നു മനസിലാക്കി ഉപേക്ഷിച്ചതാണ്. എന്നാലും യുഡിഎഫും ബിജെപിയും അണികളെ സംയുക്തകലാപത്തിന് ആഹ്വാനം ചെയ്യുന്നു. വിമാനത്തില്‍ കയറി മുഖ്യമന്ത്രിയെ ആക്രമിച്ച അത്യസാധാരണമായ അതിക്രമത്തെ ‘ആകാശപ്രതിഷേധ’മായി വിശേഷിപ്പിക്കുന്നു! ജനാധിപത്യപ്രക്രിയയെ കോമാളിത്തമായി അധ:പതിപ്പിക്കുകയാണിവിടെ. ഇതുരണ്ടും ചേര്‍ന്ന് ചില ശുദ്ധാത്മാക്കളില്‍ തീയില്ലാതെ പുകയുണ്ടാകുമോ എന്ന മട്ടിലുള്ള ചില സംശയങ്ങള്‍ ഉയര്‍ന്നേക്കുമോ എന്ന ആശങ്കയാണ് തന്റെ ഈ കുറിപ്പിനുപിന്നിലെന്നും ബേബി പറഞ്ഞു.തന്റെയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെയും കൈകള്‍ സ്വര്‍ണക്കടത്ത് സംഭവത്തില്‍ സംശുദ്ധമാണെന്ന സത്യത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഏത് കേന്ദ്ര അന്വേഷണസംഘങ്ങളെയും ഇക്കാര്യമന്വേഷിക്കാന്‍ നിയോഗിക്കാവുന്നതാണെന്ന് രേഖാമൂലം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്.

ഈ മാന്യ വനിതയും സഹകുറ്റാരോപിതനും പറയുന്ന അസത്യാരോപണങ്ങള്‍ അരഡസനോളം കേന്ദ്ര അന്വേഷണസംഘങ്ങള്‍ തലങ്ങും വിലങ്ങും അന്വേഷിച്ച് തെളിവില്ലെന്നു കണ്ട് ഉപേക്ഷിച്ചവയാണ് എന്നത് വീണ്ടും ഓര്‍ക്കുക. ഈ ആരോപണങ്ങള്‍ക്കുപിന്നില്‍ സ്ഥാപിതതാല്‍പര്യങ്ങളാണ് എന്നതിന് ഇതില്‍കൂടുതല്‍ വ്യക്തത വേണോയെന്നും എം എ. ബേബി ചോദിച്ചു.കേരള മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വ്യക്തിപരമായി മാനഹാനിപ്പെടുത്താന്‍ ആര്‍എസ്എസ് തയ്യാറാക്കുന്ന പദ്ധതികളില്‍ നിന്ന് കോണ്‍ഗ്രസും മുസ്‌ലിം ലീഗും മാറി നിന്നില്ലെങ്കില്‍ കേരളം അവര്‍ക്ക് മാപ്പു നല്‍കില്ല. കാരണം ഈ സ്വര്‍ണക്കള്ളക്കടത്തുകേസില്‍ കേരള സര്‍ക്കാരിന്റെകരങ്ങള്‍ പൂര്‍ണമായും ശുദ്ധമാണെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Ker­ala will not for­give unless the UDF and the media stay away from the RSS plan to humil­i­ate the Chief Min­is­ter and his fam­i­ly: MA Baby

You may also like this video:

Exit mobile version