Site icon Janayugom Online

സന്തോഷ് ട്രോഫി കിരീടം കേരളത്തിന്

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് കിരീടം. ഫൈനലില്‍ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴ്‌പ്പെടുത്തിയാണ് (5–4) കേരളം വിജയം നേടിയത്. കേരളത്തിന്റെ ഏഴാം കിരീട നേട്ടമാണിത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കേരളത്തിന്റെ വിജയം സ്വന്തമാക്കിയത്. 

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തിയായിരുന്നു കേരളത്തിന്റെ വിജയം. നിശ്ചിത സമയത്ത് ഗോള്‍വല ചലിപ്പിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. കളിയിലുടനീളം ലഭിച്ച മികച്ച അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തുകയും ചെയ്തു.
എക്‌സ്ട്രാ ടൈമിലേക്കു നീണ്ട ഫൈനലില്‍, 97-ാം മിനിറ്റില്‍ ദിലീപ് ഓര്‍വാന്റെ ബുള്ളറ്റ് ഹെഡറിലൂടെ കേരളത്തെ ഞെട്ടിച്ച് ബംഗാള്‍ മുന്നിലെത്തിയത്. (1–0). പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ് നല്‍കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

ഇതോടെ കേരളത്തിന്റെ നെഞ്ചിടിപ്പ് കൂടി. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ മൂന്നു മിനിറ്റ് മാത്രം ശേഷിക്കെ, ഉജ്ജ്വല ഹെഡറിലൂടെ മുഹമ്മദ് സഫ്‌നാദ് കേരളത്തിന് വേണ്ടി സമനില ഗോള്‍ കണ്ടെത്തി (1–1). എക്‌സ്ട്രാ ടൈമും സമനിലയായതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 

പെനാല്‍റ്റിയില്‍ കേരളത്തിനായി സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്ലുറഹ്മാന്‍ എന്നിവര്‍ പന്ത് വലയിലെത്തിച്ചപ്പോള്‍ ബംഗാള്‍ നിരയില്‍ രണ്ടാം കിക്കെടുത്ത സജല്‍ പാലിന്റെ ഷോട്ട് പുറത്തേക്കു പോയത് കേരളത്തിന് പ്രതീക്ഷ നല്‍കി. 2018–19 ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനോട് ഏറ്റുമുട്ടിയ നാലു ഫൈനലുകളില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. 1992–93 നു ശേഷം ആദ്യമായാണ് കേരളത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കേരള ടീം കപ്പ് ഉയര്‍ത്തുന്നതും.

Eng­lish Summary:Kerala wins San­tosh Trophy
You may also like this video

Exit mobile version