Site iconSite icon Janayugom Online

നിര്‍ണായക ചുവടുവെയ്പ്പുമായി കേരളം; പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് ബാധിതർക്ക് ഇനി സൗജന്യ മരുന്നും ചികിത്സയും

ആരോഗ്യ മേഖലയിൽ വീണ്ടും രാജ്യത്തിന് മാതൃകയായി കേരളം. ഇന്ത്യയിലാദ്യമായി പ്ലെക്‌സിഫോം ന്യൂറോഫൈബ്രോമാറ്റോസിസ് ബാധിച്ചവർക്ക് സർക്കാർ സംവിധാനത്തിലൂടെ സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കി സംസ്ഥാനം ചരിത്രം കുറിച്ചു. സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തവിധം ലക്ഷങ്ങൾ ചെലവ് വരുന്ന ഈ ചികിത്സ ഇനി സംസ്ഥാന സർക്കാരിന്റെ ‘കെയർ’ പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കും.

കേന്ദ്ര സർക്കാരിന്റെ എൻപിആർഡി പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത നിരവധി രോഗികൾ ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന സാഹചര്യം പരിഗണിച്ചാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഈ നിർണ്ണായക ഇടപെടൽ. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ പ്രത്യേക നിർദേശപ്രകാരം നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുട്ടിക്ക് ആദ്യഘട്ടമായി പത്തുലക്ഷം രൂപയുടെ മരുന്ന് നൽകി. ഇതോടെ പിഎൻ രോഗികൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി.

അപൂർവ്വ രോഗങ്ങൾ ബാധിച്ചവർക്കുള്ള കരുതലിന്റെ കേരള മാതൃകയാണ് ‘കെയർ’ പദ്ധതി. രോഗനിർണ്ണയം മുതൽ മരുന്നും പിന്തുണാ സേവനങ്ങളും സാമ്പത്തിക‑മാനസിക പിന്തുണയും വരെ ചികിത്സയുടെ എല്ലാ ഘട്ടങ്ങളും ഈ പദ്ധതി ഉറപ്പാക്കുന്നു. രാജ്യത്തെ 12 സെന്റർ ഓഫ് എക്സലൻസുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട എസ് എ ടി ആശുപത്രിയിലൂടെയാണ് ഇത്തരം വിദഗ്ധ ചികിത്സകൾ നൽകുന്നത്. പ്രതിവർഷം കോടികൾ ചെലവ് വരുന്ന എസ് എം എ ഉൾപ്പെടെയുള്ള രോഗങ്ങൾക്കും ഈ പദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നു. രോഗം അപൂർവ്വമാണെങ്കിലും ചികിത്സ അപൂർണ്ണമാകരുത് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

Exit mobile version