Site iconSite icon Janayugom Online

ഭൂതര്‍ക്കങ്ങള്‍ ഇല്ലാത്ത കേരളം

K RajanK Rajan

ഭൂരേഖകളെക്കുറിച്ച് ഇനി ആശങ്ക വേണ്ട. കാലാഹരണപ്പെട്ടതായാലും ആവലാതിവേണ്ട. ഭൂമിതര്‍ക്കങ്ങള്‍ക്കും സ്ഥാനമില്ല. കേരളത്തെ ഡിജിറ്റലായി അളന്ന് ചിട്ടപ്പെടുത്തുന്നതിനും ഭൂസംബന്ധമായ സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കാനുമുള്ള ‘എന്‍റെ ഭൂമി‘ബൃഹദ് ദൗത്യം സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ശാസ്ത്രീയമായി ഡിജിറ്റലായി അളന്ന് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനാണ് ‘എന്‍റെ ഭൂമി’ ഡിജിറ്റല്‍ സര്‍വെ പദ്ധതി ആരംഭിച്ചത്. ഭൂസംബന്ധമായ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ മുഖേന പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ദുരന്ത നിവാരണ വകുപ്പ് ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ക്ക് ഡിജിറ്റല്‍ മാപ്പ് അടിസ്ഥാന രേഖയായി ലഭ്യമാക്കുക, സര്‍വെ സ്കെച്ച് ഉള്‍പ്പെടെ പോക്ക് വരവ് സാധ്യമാക്കുക എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍. സാമൂഹിക വികസനം, സാമ്പത്തിക വളര്‍ച്ച, ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള നടപടി സുഗമമാക്കല്‍, ഭൂമിയുടെ അതിർത്തി സംബന്ധമായ തര്‍ക്കങ്ങള്‍ ഇല്ലാതാക്കല്‍, സമഗ്രമായ ഗ്രാമതല ആസൂത്രണം തുടങ്ങിയ നടപടികള്‍ക്ക് കൂടി പ്രാധാന്യം നല്‍കിയാണ് 2022 നവംബര്‍ 1 ന് പദ്ധതിക്ക് തുടക്കമിട്ടത്. 

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സർവേ ആരംഭിച്ച 200 വില്ലേജുകളിലും സര്‍വെ നടപടികൾ അന്തിമ ഘട്ടത്തിലാണ്. 160000 ഹെക്ടർ ആണൂ ഇതിനകം സർവേ പൂർത്തീകരിച്ചത് .രണ്ടാംഘട്ടമായി 200 വില്ലേജുകളിലെ സര്‍വെ പ്രവര്‍ത്തനങ്ങള്‍ക്കും ഇതിനകം തുടക്കമിട്ട് കഴിഞ്ഞു. ‘എന്‍റെ ഭൂമി” ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമാക്കിയിട്ടുണ്ട്. 

ഭൂപടത്തെ അടിസ്ഥാനമാക്കിയുള്ള പോക്ക് വരവ് സംവിധാനം നടപ്പിലാക്കുന്നതിന് ഡിജിറ്റല്‍ സര്‍വെയിലൂടെ സാധിക്കും. സര്‍വെ രേഖകള്‍ സുതാര്യമായ രീതിയില്‍ ലഭ്യമാകുന്നതിനാല്‍ വഞ്ചിക്കപ്പെടാതെ തന്നെ ഭൂമി വാങ്ങാം. സര്‍വെയിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച പരാതികള്‍ക്ക് ശാശ്വത പരിഹാരം വാഗ്ദാനം ചെയ്ത് അതിര്‍ത്തി തര്‍ക്കങ്ങള്‍ ന്യായമായ രീതിയില്‍ പരിഹരിക്കാന്‍ പദ്ധതി സഹായിക്കും. കൃത്യമായ വിസ്തീര്‍ണം കണക്കാക്കി എല്ലാ ഭൂമിയുടെയും കൈവശമുള്ള നികുതികള്‍ വിലയിരുത്തുന്നതിനും ഈടാക്കുന്നതിനും കഴിയും. യോഗ്യരായ വ്യക്തികള്‍ക്ക് പട്ടയം (ഭൂമി രേഖകള്‍) അനുവദിക്കല്‍ പോലുള്ള വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേഗത്തിലാക്കാനാകും.

എല്ലാ ഭൂമി ഇടപാടുകളിലും ഏകജാലക സേവനം സാധ്യമാക്കുന്നതിനുള്ള ഒരു ഇന്‍റഗ്രേറ്റഡ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്‍റ് സിസ്റ്റം സജ്ജമാക്കിയിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സര്‍വെ, റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ സംയോജിപ്പിച്ച് ഏകജാലക ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ എല്ലാ സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കഴിയും. ഭൂമി സംബന്ധമായ സേവനങ്ങള്‍ വളരെ കൃത്യതയോടെയും സുതാര്യമായും വേഗത്തിലും പൊതു ജനങ്ങള്‍ക്ക് നല്‍കാനാകും.

സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വെ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റീബില്‍ഡ് കേരള ഇനിഷിയേറ്റീവിന് കീഴിലാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്.

You may also like this video

Exit mobile version