Site iconSite icon Janayugom Online

ബജറ്റിൽ തെളിയുന്നത് കേരളത്തിന്റെ ബദലും പ്രതിരോധവും: ബിനോയ് വിശ്വം

ബജറ്റിൽ തെളിയുന്നത് കേരളത്തിന്റെ ജനപക്ഷ ബദലും കേന്ദ്രസർക്കാർ നയങ്ങളോടുള്ള പ്രതിരോധവും ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർവതല സ്പർശിയായ ഈ സാമ്പത്തികരേഖ ദശാബ്ദങ്ങളിലൂടെ കേരളം പടുത്തുയർത്തിയ ക്ഷേമ സംവിധാനങ്ങളെ ദൃഢീകരിച്ചുകൊണ്ട് പുതിയ കാലഘട്ടത്തിൽ അനിവാര്യമായ സമഗ്രവികസന പരിപാടികളാണ് മുന്നോട്ടു വയ്ക്കുന്നത്. വൈരനിര്യാതന ബുദ്ധിയോടെ കേന്ദ്രസർക്കാർ നടത്തുന്ന വിവേചന നടപടികൾക്കിടയിലും കേരളം പോലൊരു സംസ്ഥാനം പൊരുതി നിൽക്കുന്നതിന്റെ നേർചിത്രം ബജറ്റിൽ ഉണ്ട്. ജിഎസ്ടി വന്നതോടെ നികുതി സമാഹരണ സാധ്യതകൾ അടഞ്ഞിട്ടും റവന്യു കമ്മി ഗ്രാന്റും ജിഎസ്ടി കോമ്പൻസേഷനും കേന്ദ്രസർക്കാർ നിർത്തലാക്കിയിട്ടും സംസ്ഥാനം മുന്നോട്ടു പോവുക തന്നെയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. കിഫ്ബിയുടെയും സാമൂഹ്യ സുരക്ഷാ കമ്പനിയുടെയും പേരിൽ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുക മാത്രമല്ല ട്രഷറി നിക്ഷേപങ്ങൾ കൂടി കടമെടുപ്പായി കണക്കാക്കുകയും ചെയ്തു. ഇത്രയും കടുത്ത പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളിലും ഒരു ജനത എന്ന നിലയിൽ മലയാളികളെ സമസ്ത മേഖലകളിലും ഭാവിയിലേക്ക് കൈപിടിച്ചു കൊണ്ടുപോകാനുള്ള ഇടതുപക്ഷ സർക്കാരിന്റെ കാഴ്ചപ്പാടാണ് ബജറ്റിൽ പ്രതിഫലിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതി പൂർത്തീകരണം, കേന്ദ്രം കൈവിടുന്ന തൊഴിലുറപ്പ് പദ്ധതി സഹായം, റോഡ് അപകടങ്ങളിൽ പെടുന്നവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതി, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അപകട ഇൻഷുറൻസ്, വയോജന ക്ഷേമ പരിപാടികൾ എന്നിവയെല്ലാം സർക്കാരിന്റെ മുൻഗണന മേഖലകൾ വ്യക്തമാക്കുന്നു. 

തനത് നികുതി വരുമാനത്തിലും നികുതിയേതര വരുമാനത്തിലും കാര്യമാത്ര പ്രസക്തമായ പുരോഗതി കൈവരിച്ചുകൊണ്ടാണ് കടുത്ത കേന്ദ്ര അവഗണനക്കിടയിലും എൽഡിഎഫ് സർക്കാർ ഈ നേട്ടം സാധ്യമാക്കി മുന്നോട്ടു പോകുന്നത്. അതിവേഗ ഗതാഗതം, ലോകോത്തര നിലവാരമുള്ള ആരോഗ്യം, ഉന്നത വിദ്യാഭ്യാസ മേഖല, കൃത്രിമ ബുദ്ധി, കലാസാംസ്കാരിക സ്ഥാപനങ്ങൾ, നവോത്ഥാന സ്മൃതി കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ശ്രദ്ധേയമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കാനുള്ള മുൻകൈ അധികാരവികേന്ദ്രീകരണത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു.
നിലവിലുള്ള മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഒന്നും ഗുണഭോക്താക്കളാകാത്ത 35 നും 60 നും ഇടയിൽ പ്രായമുളള ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ഉറപ്പാക്കുന്നതാണ് സംസ്ഥാനം അവതരിപ്പിച്ച ബജറ്റിൽ അടങ്ങിയിരിക്കുന്ന പ്രത്യേകത. 31 ലക്ഷം പേർക്കാണ് ഇതുമൂലം പ്രയോജനം ലഭിക്കുക. കൂടാതെ അങ്കണവാടി വർക്കർമാർക്കും സാക്ഷരതാ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും സ്കൂൾ പാചക തൊഴിലാളികൾക്കും പ്രീ-പ്രൈമറി അധ്യാപകർക്കും ആയമാർക്കും 1000 രൂപയുടെ വർധനവ് ബജറ്റിൽ ഉറപ്പുവരുത്തിയിരിക്കുന്നു. 2026–27 വർഷത്തേക്ക് ക്ഷേമപെൻഷൻ നൽകുന്നതിനായി സംസ്ഥാന ബജറ്റിൽ 14500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് ഇടതുപക്ഷ സർക്കാരിന്റെ ഈ വിഭാഗക്കാരോടുള്ള കരുതലിനെയാണ് കാണിക്കുന്നത് എന്നും ബിനോയ് വിശ്വം പ്രസ്താവനയിൽ വ്യക്തമാക്കി. 

Exit mobile version