ആഗോള തലത്തില്‍ ശ്രദ്ധ നേടി കേരളത്തിന്റെ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) പ്രവര്‍ത്തനങ്ങള്‍. ‘വെന്‍ പോളിസി മേക്കേഴ്സ് ഹാവ് യുവര്‍ ബാക്ക്: ദി കേരള എക്സ്പീരിയന്‍സ് വിത്ത് സ്റ്റേറ്റ് വൈഡ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് മൈറ്റിഗേഷന്‍ എഫര്‍ട്സ്’ എന്ന എഎംആര്‍ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് കെയര്‍ എപിഡമോളജിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസാണ് പ്രസാധകര്‍. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം രോഗാണുക്കള്‍ മരുന്നിനുമേല്‍ ആര്‍ജിക്കുന്ന പ്രതിരോധമാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്. ഇതിനെതിരെ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും വിവരിക്കുന്നതാണ് ലേഖനം. പ്രത്യേകിച്ച് സര്‍ക്കാരിന്റെ നയവും നിലപാടും എങ്ങനെ ഈ പ്രവര്‍ത്തനങ്ങളെ സാധ്യമാക്കുന്നു എന്നതാണ് ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.
ആദ്യമായിട്ടാണ് എഎംആറില്‍ ഒരു സ്റ്റേറ്റിന്റെ നയവും പ്രവര്‍ത്തനവും സംബന്ധിച്ച ലേഖനം ആഗോള അംഗീകാരമുള്ള അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുന്നത്. അതിഗൗരവമായി കൈകാര്യം ചെയ്യേണ്ട ഒരു ആരോഗ്യ പ്രതിസന്ധിയാണ് എഎംആര്‍. ഈ ആഗോള ഭീഷണിയെ നേരിടാന്‍ സര്‍ക്കാരുകള്‍ രാഷ്ട്രീയ ഇച്ഛാശക്തിയും (പൊളിറ്റിക്കല്‍ വില്‍) പ്രതിബദ്ധതയും (പൊളിറ്റിക്കല്‍ കമിറ്റ്‌മെന്റ്) പ്രകടിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടനയും യുഎന്‍ ജനറല്‍ അസംബ്ലിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ഇച്ഛാശക്തിയുടെ ഒരു മികച്ച ഉദാഹരണമാണ് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നു. കേരളത്തിന് ഇത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

