Site iconSite icon Janayugom Online

കേരളത്തിന്റെ നിറം പച്ച

കേരളത്തിന്റെയും പഞ്ചാബിന്റെയും നിറം പച്ചയാണ്. സമൃദ്ധമായ ജലസാന്നിധ്യം. എവിടെയും പച്ചനിറം. പഞ്ചാബിൽ വയലുകളും മാവുകളും പേരമരങ്ങളും ചേർന്നാണ് പച്ച ചാർത്തുന്നതെങ്കിൽ കേരളത്തിൽ ഇവകൂടാതെ തെങ്ങുകളും റബ്ബർമരങ്ങളും ഉണ്ട്. “മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്” എന്നാണല്ലോ നമ്മുടെ പൊഞ്ഞാറുപാട്ട്. കേരളത്തിന്റെ അവശിഷ്ട വനസാന്നിധ്യം പോലും കടുംപച്ചയുടെ വിസ്മയദൃശ്യം നല്കുന്നുണ്ട്. ജർമ്മൻകാരനായ ഹെർമ്മൻ ഗുണ്ടർട്ടിനെ അത്ഭുതപ്പെടുത്തിയതും ഈ പച്ചത്തമാണ്. അദ്ദേഹം പറഞ്ഞത്, എവിടെയും മലനിരകൾ. എവിടെയും പച്ചപ്പ്, ഇതാണ് പറുദീസ. ഈ പറുദീസ കണ്ട അദ്ദേഹം കേരളത്തിൽ തന്നെ താമസിക്കുകയും മലയാളഭാഷയ്ക്ക് നിഘണ്ടുവടക്കം പല പുസ്തകങ്ങൾ രചിക്കാന്‍ വേണ്ടി ഭാഷാജ്ഞാനി ആവുകയും ചെയ്തു. അർണോസ് പാതിരി മുതൽ ലാറി ബേക്കർ വരെയുള്ളവരെ കേരളത്തിന്റെ പച്ചപ്പും കേരളീയരുടെ ശാന്തസ്വഭാവവും ആകർഷിച്ചു നിര്‍ത്തി.

മലയാള കവികളിൽ പ്രധാനിയായ മഹാകവി ചങ്ങമ്പുഴയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടനിറം പച്ചയായിരുന്നു. മഴവില്ലിൽ പോലും പച്ചയാണ് നടുക്കുള്ളത്. മുമ്മൂന്നു നിറങ്ങൾ പച്ചയ്ക്ക് അപ്പുറവും ഇപ്പുറവുമായി നിൽക്കുകയാണ്. പച്ചയെക്കുറിച്ചു കെ ടി മുഹമ്മദെഴുതി കെ രാഘവൻ സംഗീതം ചെയ്ത് വി ടി മുരളി പാടിയ പ്രസിദ്ധമായൊരു പാട്ടുമുണ്ട്. പച്ചയെന്ന പദത്തിന്റെ വിവിധ അർത്ഥങ്ങളെ അന്വേഷിക്കുകയാണ് ആ പാട്ട്. പച്ച സമ്മതത്തിന്റെ നിറമാണ്. ആ നിറം, കടന്നുവരൂ എന്നു നമ്മളെ സ്വാഗതം ചെയ്യുന്നു. രാജാ രവിവർമ്മയുടെ അത്യാകർഷകമായ ഒരു ചിത്രം കൃഷ്ണനും രാധയുമാണല്ലോ. അതിൽ രാധയുടെ കുപ്പായത്തിന് നല്കിയിട്ടുള്ള നിറം പച്ചയാണ്. കൃഷ്ണന് ഇഷ്ടമില്ലായിരുന്നെങ്കിൽ രാധ ആ കുപ്പായം അണിയുമായിരുന്നില്ലല്ലോ. വീണമീട്ടുന്ന സരസ്വതിയുടെ കുപ്പായത്തിന്റെ നിറം കടുംചുവപ്പ്. മേൽമുണ്ട് സമരമൊന്നും നടത്താതെതന്നെ ദൈവങ്ങളുടെ നഗ്നത മറച്ചത് രാജാരവിവർമ്മയായിരുന്നല്ലോ. ദേശീയതലത്തിൽ നോക്കിയാൽ നമ്മുടെ ദേശീയപതാകയുടെ അടിത്തറയാണ് പച്ചനിറം, അതിനു മുകളിലാണ് മറ്റ് നിറങ്ങൾ. വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ ലോക‌്സഭാതെരഞ്ഞെടുപ്പ് വേദിയിൽ പച്ച തൊടാത്ത ഒരു വർഗീയ രാഷ്ട്രീയ കക്ഷിയുടെ മതസംഘടനാ വിഭാഗത്തിന് പച്ച നിറം അലർജിയാണ്.

കേരളത്തിൽ ചരിത്രപ്രസിദ്ധമായ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രമടക്കം പല ക്ഷേത്രങ്ങളിലും തെയ്യത്തറകളിലും പള്ളികളിലും ഹിന്ദു-മുസ്ലിം മൈത്രിയുടെ വലിയ തെളിവുകളുണ്ട്. ശ്രീരാമസ്വാമി ക്ഷേത്രപരിസരത്ത് രോഹിണി മഹോത്സവത്തിന് മുസ്ലിം സഹോദരന്മാരുടെ മത്സ്യക്കച്ചവടം പോലുമുണ്ട്. അപ്പോഴും ഹിന്ദുമത തീവ്രവാദികൾ പച്ചനിറത്തെ മുസ്ലിങ്ങളുടെ നിറമായും ആ നിറം അനഭിലഷണീയവുമായാണ് കാണുന്നത്. ആ വർണഭ്രാന്തിന്റെ തെളിവാണ് തിരുമാന്ധാംകുന്നിൽ ഉണ്ടായത്. തിരുമാന്ധാംകുന്ന് കേരളത്തിലെ ശാലീനസുന്ദരമായ ഒരു പ്രദേശമാണ്. കൃപകൂടാതെ പീഡിപ്പിച്ചീടുന്ന നൃപൻ ചത്ത് ഒരു കൃമിയായ് പിറക്കുന്നു എന്ന് ഭരണാധികാരികളെ വിമർശിച്ച പൂന്താനത്തിന്റെയും ദൈവത്തിനു സ്വകാര്യമായി കേൾക്കാനുള്ള സോപാനസംഗീതത്തെ എല്ലാ മലയാളികളുടെയും മുന്നിലെത്തിച്ച ഞെരളത്ത് രാമപ്പൊതുവാളിന്റെയും നന്തനാരുടെയുമൊക്കെ ഓര്‍മ്മ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ്. അവിടെയുള്ള ചില തൂണുകളിൽ ഈയിടെ പച്ചച്ചായം പുരട്ടി. അതോടെ തീവ്ര ഹിന്ദുമത വ്രണം വികാരപ്പെട്ടു. ഏകപക്ഷീയമായ ഗോഗ്വാ വിളികളുണ്ടായി. എന്തായാലും മലപ്പുറം ജില്ലയിലുള്ള ആ ക്ഷേത്രക്കമ്മിറ്റി പച്ച പെയിന്റ് മാറ്റി മറ്റൊരു നിറം ചാർത്തി. നിറങ്ങളോടുപോലും മതതീവ്രവാദികൾക്ക് അസഹിഷ്ണുതയാണ്. ദേശീയപതാക മാറ്റി കബന്ധാകൃതിയിലുള്ള കാവിപ്പതാകയാക്കണമെന്നുള്ള ആക്രോശം ഉയർന്നു കഴിഞ്ഞു. ഇനി മഴവില്ലിൽ നിന്നും പച്ചനിറം ഒഴിവാക്കാനുള്ള ബില്ലും ഉണ്ടായേക്കാം. നോക്കൂ, ഖത്തർ, ബഹറൈൻ തുടങ്ങിയ ഇസ്ലാം രാഷ്ട്രങ്ങളുടെ ദേശീയപതാകകളിൽ പച്ച നിറമേയില്ല.

 

Eng­lish Sam­mury: Ker­ala’s col­or of green, Kureep­uzha Sreeku­mar’s columns

 

Exit mobile version