Site iconSite icon Janayugom Online

ക്രിസ്തുമസിന് നിറംപകരാന്‍ കേരളത്തിന്റെ സ്വന്തം ക്രിസ്തുമസ് ട്രീ

ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കേരളത്തിന്റെ സ്വന്തം ക്രിസ്തുമസ് ട്രീ ഉപയോഗിക്കാം. പ്ലാസ്റ്റിക് ട്രീകള്‍ക്ക് പകരം, സംസ്ഥാന കൃഷി വകുപ്പ് വില്പനക്കെത്തിക്കുന്നത് ഒന്നാന്തരം സ്വാഭാവിക ക്രിസ്തുമസ് ട്രീകളാണ്. ഓണത്തിന് മറുനാടന്‍ പൂക്കളെ ആശ്രയിക്കാതെ കേരളത്തില്‍ തന്നെ പൂക്കള്‍ കൃഷി ചെയ്ത് വിജയം കണ്ടതിന് പിന്നാലെയാണ് ക്രിസ്തുമസ് ട്രീകളുടെ പരിപാലനവും വില്പനയും എന്ന പദ്ധതി കൃഷി വകുപ്പ് ആവിഷ്കരിച്ചത്. മാര്‍ച്ച് മാസത്തിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 31 ഫാമുകളിലായി 4866 ക്രിസ്തുമസ് ട്രീകളാണ് വിതരണത്തിന് സജ്ജമായിട്ടുള്ളത്. തൂജ, ഗോള്‍ഡന്‍ സൈപ്രസ്, അരക്കേറിയ എന്നീ തൈകളാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് മുതല്‍ മൂന്ന് അടി വരെ ഉയരമുള്ള തൈകള്‍ മണ്‍ചട്ടിയിലും ഗ്രോ ബാഗുകളിലുമായാണ് വളര്‍ത്തിയത്. ഓൺലൈനിലൂടെ 200 മുതൽ 400 രൂപ വരെ നിരക്കിൽ വിൽക്കാനാണ് തീരുമാനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍ ഫാമുകളിലാണ് ക്രിസ്തുമസ് ട്രീകള്‍ പരിപാലിച്ചത്. 

തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടം, വലിയതുറ, ഉള്ളൂര്‍, ചിറയിന്‍കീഴ്, പെരിങ്ങമല ഫാമുകളിലാണ് ക്രിസ്തുമസ് ട്രീ വളര്‍ത്തിയെടുത്തത്. കൊല്ലം ജില്ലയില്‍ അഞ്ചല്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, കടക്കല്‍ ഫാമുകളിലും പത്തനംതിട്ടയില്‍ അടൂര്‍, പുല്ലാട്, പന്തളം, ആലപ്പുഴയില്‍ മാവേലിക്കര, കോട്ടയത്ത് ഡിഎഎഫ് കോഴ, എസ്എസ്എഫ് കോഴ, എസ്എസ്എഫ് വലച്ചിറ, ഇടുക്കി എസ്‌വിഎഫ് വണ്ടിപ്പെരിയാര്‍, എറണാകുളത്ത് എസ്എസ്എഫ് ആലുവ, വൈറ്റില, നേരിയമംഗലം, തൃശൂരില്‍ ഡിഎഎഫ് ചേലക്കര, കോഴിക്കോട്ട് എസ്എസ്എഫ് പുതുപ്പാടി, ഡിഎഎഫ് കൂതാലി, സിഎന്‍ തിക്കോടി, എസ്എസ്എഫ് പേരാമ്പ്ര എന്നീ സര്‍ക്കാര്‍ ഫാമുകളിലും ക്രിസ്തുമസ് ട്രീ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നും തൈകള്‍ വാങ്ങിയാണ് പരിപാലിച്ചത്. നാലടി ഉയരത്തിലുള്ള ചെടികളാണ് വില്പനക്ക് എത്തിക്കുന്നത്. ഈ മാസം അവസാനത്തോടെ ഫാമുകളിലെ ഔട്ട്‌ലറ്റുകളില്‍ നിന്നും എക്സിബിഷനുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ക്രിസ്തുമസ് ട്രീകള്‍ വാങ്ങാന്‍ കഴിയുമെന്ന് കൃഷി വകുപ്പ് ഫാംസ് ജോയിന്റ് ഡയറക്ടര്‍ തോമസ് സാമുവല്‍ ജനയുഗത്തോട് പറഞ്ഞു. 

Eng­lish Summary:Kerala’s own Christ­mas tree to add col­or to Christmas
You may also like this video

Exit mobile version