Site iconSite icon Janayugom Online

മുല്ലപ്പെരിയാറിൽ പുതിയ ഡാം കേരളത്തിന്റെ നിലപാട്: മുഖ്യമന്ത്രി

126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയ ഡാം പണികഴിപ്പിക്കണമെന്നാണ് കേരളത്തിന്റെ വ്യക്തമായ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ‌ടി പി രാമകൃഷ്ണന്റെ അടിയന്തര ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയങ്ങൾക്ക് അനുസൃതമായ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. സുപ്രീം കോടതിയിൽ കേരളം ഫയൽ ചെയ്ത നോട്ടുകളിൽ തമിഴ്‌നാട് വൈഗ ഡാമിലേക്ക് പരമാവധി ജലം കൊണ്ടുപോകണമെന്ന് ശക്തിയായി ആവശ്യപ്പെട്ടിട്ടുണ്ട്. ‍

ഡാമിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയായി ഉയർന്നാലുള്ള അപകട സാധ്യതയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 136ന് മുകളിൽ ഉയരുന്ന ഓരോ ജലനിരപ്പും ഡാമിനു നൽകുന്ന മർദ്ദം ക്രമാനുഗതമായ ഒന്നല്ല എന്ന വസ്തുതയും വ്യക്തമാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി മുൻപാകെ തമിഴ്‌നാട് സർക്കാർ സമർപ്പിച്ച റൂൾ കർവിനെപ്പറ്റിയുള്ള വിയോജിപ്പും അറിയിച്ചിട്ടുണ്ട്. തുലാവർഷത്തിന് മുൻപ് ലഭിച്ച അതിതീവ്ര മഴ കാരണം ഒക്ടോബർ 29 മുതൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം തുറന്നുവിടുന്നുണ്ട്. വ്യക്തമായ മുന്നറിയിപ്പോടെ നിയന്ത്രിത അളവിലാണ് അധിക ജലം പുറത്തേക്ക് ഒഴുക്കുന്നത്. 

മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. വൃഷ്ടി പ്രദേശങ്ങളിൽ ലഭ്യമാകുന്ന മഴയും നീരൊഴുക്കും കണക്കിലെടുത്ത് ജലനിരപ്പിലെ വ്യതിയാനങ്ങൾ സമയാസമയം അവലോകനം ചെയ്ത് വേണ്ട മുൻകരുതലുകൾ എടുക്കുന്നുണ്ട്. കാര്യങ്ങൾ വിശദീകരിച്ച് ഒക്ടോബർ 24ന് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന് തമിഴ്‌നാട് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ രണ്ട് സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താല്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
eng­lish summary;Kerala’s stand on new dam at Mul­laperi­yar: CM
you may also like this video;

Exit mobile version