Site icon Janayugom Online

കേരളീയത്തിന് ഇന്ന് കൊടിയിറക്കം

കേരളം ആഘോഷമാക്കിയ ‘കേരളീയ’ത്തിന് ഇന്ന് കൊടിയിറക്കം. കലകളുടെയും സംസ്കാരത്തിന്റെയും ചിന്തയുടെയും അലങ്കാരദീപങ്ങളുടെയും ഭക്ഷണ വൈവിധ്യങ്ങളുടെയും പുഷ്പാലങ്കാരങ്ങളുടെയും പകലിരവുകൾക്കാണ് സമാപനമാകുന്നത്. കേരളപ്പിറവി ദിനത്തിൽ തുടക്കം കുറിച്ച മഹോത്സവത്തിന്റെ ഭാഗമാകാൻ നഗരവീഥികളിലേക്ക് ഇടവേളകളില്ലാതെ ജനക്കൂട്ടം ഒഴുകിയെത്തി. സെമിനാറുകളിൽ ഉയർന്ന നവകേരളത്തിനായുള്ള പുത്തൻ ആശയങ്ങളുടെ അവതരണത്തോടെയാണ് കേരളീയം സമാപിക്കുന്നത്. സെമിനാറുകള്‍ ഇന്നലെ അവസാനിച്ചു. കേരളീയത്തിന്റെ സമാപന സമ്മേളനം വൈകിട്ട് നാലിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ നടക്കും.

കേരളീയം വീഡിയോ, നൃത്താവിഷ്കാരത്തിന്റെ വീഡിയോ, സമാപന ഗാനാലാപനം എന്നിവയ്ക്ക് ശേഷം ചടങ്ങുകൾ ആരംഭിക്കും. ഉദ്ഘാടനവും നവകേരള കാഴ്ചപ്പാട് പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷനാകും. സെമിനാര്‍ നിര്‍ദേശങ്ങളുടെ സംക്ഷിപ്താവതരണം ജനറല്‍ കണ്‍വീനറും ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു നടത്തും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. ചെയര്‍മാനും പൊതുവിദ്യാഭ്യാസ മന്ത്രിയുമായ വി ശിവന്‍കുട്ടി സ്വാഗതം ആശംസിക്കും.

മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവർ ആശംസകളറിയിക്കും. സ്പോൺസർമാർ, സബ് കമ്മിറ്റി ഭാരവാഹികൾ, കേരളീയം ലോഗോ രൂപകൽപ്പന ചെയ്യുകയും ബ്രാന്റിങ് നിർവഹിക്കുകയും ചെയ്ത ബോസ് കൃഷ്ണമാചാരി, ശുചിത്വ പരിപാലകർ എന്നിവർക്ക് മുഖ്യമന്ത്രി വേദിയിൽ മെമന്റോ സമ്മാനിക്കും. തുടര്‍ന്ന് ജയചന്ദ്രൻ, ശങ്കർ മഹാദേവൻ, കാർത്തിക്ക്, സിതാര, റിമി ടോമി, ഹരിശങ്കർ എന്നിവർ അണിനിരക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോ ‘ജയം’ അരങ്ങേറും.

Eng­lish Sum­ma­ry: keraleeyam 2023 final day
You may also like this video

Exit mobile version